തട്ടിപ്പ് തടയാന്‍ പുതിയ പരിഷ്‌കാരം; സിം മാറ്റിയാല്‍  24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്

രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ഇനി മുതല്‍ ആദ്യ 24 മണിക്കൂറില്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല.ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒടിപി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ പുതിയ പരിഷ്‌കാരം. ഇത് നടപ്പില്‍ വരുത്താന്‍ സേവന ദാതാക്കള്‍ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

സിം സ്വാപ്പിങ് എന്നറിയപ്പെടുന്ന തട്ടിപ്പിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരം. സാധാരണയായി സിം കാര്‍ഡ് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ഉപഭോക്താവ് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. തിരിച്ചറിയല്‍ രേഖയും മറ്റും പരിശോധിച്ചാണ് ഇത് അനുവദിക്കുന്നതെങ്കിലും വ്യാജരേഖ ചമച്ച് സിം കാര്‍ഡ് സ്വന്തമാക്കി ഒടിപി വഴി തട്ടിപ്പുകാര്‍ പണം തട്ടുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്തുവന്നത്.

വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കി തട്ടിപ്പുകാരന്‍ പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. പുതിയ സിം അനുവദിക്കുന്നതോടെ ആദ്യ സിം ബ്ലോക്ക് ആവുകയും തട്ടിപ്പുകാരന്റെ സിം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. തുടര്‍ന്ന് ബാങ്ക് ഇടപാടുകള്‍ക്കുള്ള ഒടിപി തട്ടിപ്പുകാരന്റെ ഫോണിലെത്തുകയും സിം ഉടമയ്ക്കു പണം നഷ്ടമാകുകയും ചെയ്യും. പണം ലഭ്യമായാല്‍ സിം ഉപേക്ഷിക്കും. എന്നാല്‍, 24 മണിക്കൂര്‍ എസ്എംഎസ് വിലക്ക് ഏര്‍പ്പെടുത്തുന്നതോടെ യഥാര്‍ഥ ഉടമയ്ക്ക് പരാതിപ്പെട്ട് സിം ബ്ലോക്ക് ചെയ്യാന്‍ അവസരം ലഭിക്കും. തട്ടിപ്പുകാര്‍ക്ക് ഉടനടി ഒടിപി ലഭിക്കുന്നത് ഒഴിവാകുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com