'വ്യാജനെ കയ്യോടെ പൊക്കും';  മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും വരുന്നു, പുതിയ നീക്കവുമായി കേന്ദ്രം 

വ്യാജമരുന്നിന്റെ വില്‍പ്പന തടയാന്‍ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വ്യാജമരുന്നിന്റെ വില്‍പ്പന തടയാന്‍ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിലൂടെ വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

ലോകത്ത് വില്‍ക്കുന്ന വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍ നിന്ന് വരുന്നതാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാജ മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ 300 മരുന്ന് ബ്രാന്‍ഡുകളില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍കോഡോ, ക്യൂആര്‍ കോഡോ നല്‍കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും.

ഡോളോ, സാരിഡോണ്‍, അലഗ്ര തുടങ്ങി ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മരുന്ന് ബ്രാന്‍ഡുകളിലാണ് ഇത് ആദ്യം നടപ്പാക്കുക. ഇത് വിജയമായാല്‍ മറ്റു ബ്രാന്‍ഡുകളിലും ഇത് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ മരുന്ന് വ്യാജമാണോ ഒറിജിനല്‍ ആണോ എന്ന് തിരിച്ചറിയാന്‍ അധികൃതര്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ബാര്‍ കോഡില്‍ ആലേഖനം ചെയ്തിരിക്കുന്ന വിവരങ്ങള്‍ വഴി ഉല്‍പ്പന്നത്തിന്റെ തിരിച്ചറിയല്‍ കോഡ്, മരുന്നിന്റെ ജനറിക് നെയിം, ബ്രാന്‍ഡ് നെയിം, മരുന്നുനിര്‍മ്മാണ കമ്പനിയുടെ പേര്, മേല്‍വിലാസം, ബാച്ച് നമ്പര്‍, ഉല്‍പ്പന്നം നിര്‍മ്മിച്ച തീയതി, കാലാവധി തീരുന്ന സമയം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com