വ്യാജ വായ്പയില്‍ കുടുങ്ങാതിരിക്കണോ?, പാന്‍ ദുരുപയോഗം ചെയ്യുന്നത് തടയാം!; ചെയ്യേണ്ടത് ഇത്രമാത്രം 

സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒരു സുപ്രധാന രേഖയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒരു സുപ്രധാന രേഖയാണ്. വലിയ തുക കൈമാറുന്നതിനും മറ്റും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് ചോദിക്കാറുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്. 

പാന്‍ കാര്‍ഡിന്റെ പ്രാധാന്യം വര്‍ധിച്ചതോടെ, തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഉപയോക്താവ് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. സിബില്‍ പോലെയുള്ള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വരിക്കാരായാല്‍ ഇടയ്ക്കിടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാന്‍ സാധിക്കും. ഇതിലൂടെ തങ്ങളുടെ പാന്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും. ചില ഏജന്‍സികള്‍ സേവനത്തിന് ചാര്‍ജ് ഈടാക്കാറുണ്ട്. 

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിനാണ് പ്രധാനമായി തട്ടിപ്പുകാര്‍ മറ്റുള്ളവരുടെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത്. മറ്റുള്ളവരുടെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ തട്ടിയെടുക്കാനാണ് ഇവര്‍ മുഖ്യമായി ശ്രമിക്കുന്നത്. പാന്‍ കാര്‍ഡ് ആരുടെ പേരിലാണോ അവര്‍ക്കാണ് ഇതിന്റെ ബാധ്യത വരിക. നിയമവിരുദ്ധ ഇടപാടുകള്‍ നടത്താനും പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നവരുണ്ട്.

ഇതിന് പുറമേ മറ്റുള്ളവരുടെ പേരിലുള്ള പാന്‍ കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നവരും ഉണ്ട്. നിശ്ചിത തുകയ്ക്ക് മുകളില്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റുള്ളവരുടെ പേരിലുള്ള പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി തട്ടിപ്പ് നടത്തുന്നതാണ് രീതി. പാന്‍ കാര്‍ഡ് ആരുടെ പേരിലാണോ അവര്‍ക്കാണ് നിയമപരമായ ബാധ്യത മുഴുവന്‍ വന്നുചേരുക.

ഓണ്‍ലൈനില്‍ വെബ്‌സൈറ്റ് തുറന്ന് പാന്‍ നമ്പര്‍ നല്‍കുന്നതിന് മുന്‍പ് വെബ്‌സൈറ്റിന്റെ പേരിന് മുന്‍പ് എച്ച്ടിടിപിഎസ് ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. വെബ്‌സൈറ്റ് സുരക്ഷിതമാണോ എന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്ന എസ്എസ്എല്‍ സര്‍ട്ടിഫൈഡ് ആണോ എന്ന് അറിയാന്‍ ഇതുവഴി സാധിക്കും.

പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് മുന്‍പ്, ഇത് ദുരുപയോഗം ചെയ്യാതിരിക്കാന്‍ തീയതിയും സമയവും പകര്‍പ്പില്‍ രേഖപ്പെടുത്തുന്നത് നല്ലതാണ്. അജ്ഞാതര്‍ക്ക് പേരും ജനനത്തീയതിയും ഒരിക്കലും കൈമാറരുത്. ഇടയ്ക്കിടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. 

പാന്‍ സംബന്ധമായി പരാതി നല്‍കണമെങ്കില്‍ TIN NSDL     ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് ഹോം പേജില്‍ കസ്റ്റമര്‍ കെയര്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തെളിഞ്ഞുവരുന്ന കംപ്ലയിന്റില്‍ കിക്ല് ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുക. വ്യക്തിഗത വിവരങ്ങളും പരാതിയുടെ വിശദാംശങ്ങളും കൈമാറിയാണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com