പ്രതിദിന യുപിഐ ഇടപാട് പരിധി അറിയണോ?; എണ്ണത്തിലും നിയന്ത്രണമുണ്ട്, വിശദാംശങ്ങള്‍
By സമകാലികമലയാളം ഡെസ്ക് | Published: 07th June 2023 10:28 AM |
Last Updated: 07th June 2023 10:28 AM | A+A A- |

പ്രതീകാത്മക ചിത്രം/ പിടിഐ
ന്യൂഡല്‍ഹി: എളുപ്പം ഇടപാട് പൂര്‍ത്തിയാക്കാമെന്ന സൗകര്യം കൊണ്ട് യുപിഐ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. മെയ് മാസത്തില്‍ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 900 കോടി ഇടപാടുകള്‍ നടന്ന് റെക്കോര്‍ഡിട്ടിരുന്നു. ഇടപാടുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ചില ബാങ്കുകള്‍ ഒരു ദിവസം നടത്താന്‍ കഴിയുന്ന ഇടപാടുകളുടെ മൂല്യത്തില്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പരിധി പരിശോധിക്കാം.
ഒരു ദിവസം യുപിഐ വഴി പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള ഇടപാട് നടത്താമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ബാങ്കുകള്‍ അനുസരിച്ച് ഈ പരിധിയില്‍ വ്യത്യാസമുണ്ട്. എസ്ബിഐയില്‍ ഒരു ലക്ഷം രൂപയാണ് പ്രതിദിന പരിധി. എച്ച്ഡിഎഫ്‌സി ബാങ്കിലും ഒരു ലക്ഷം രൂപ തന്നെയാണ്. എന്നാല്‍ പുതിയ ഉപയോക്താക്കളുടെ പരിധി 5000 രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പതിനായിരം രൂപയാണ് പരിധി. ആക്‌സിസ് ബാങ്കില്‍ എസ്ബിഐ പോലെ തന്നെയാണ്. ഒരു ലക്ഷം രൂപയാണ് പരിധി. ബാങ്ക് ഓഫ് ബറോഡിയില്‍ പ്രതിദിനം യുപിഐ ഉപയോഗിച്ച് നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 25000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. കാനറ ബാങ്കിലും ബാങ്ക് ഓഫ് ബറോഡയ്ക്ക് സമാനമാണ്.
ഇതിനെല്ലാം പുറമേ ഒരു ദിവസം നടത്താന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തിലും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം 20 ഇടപാട് നടത്താനാണ് അനുവാദം ഉള്ളത്. ഇതിന് ശേഷം അടുത്ത ഇടപാട് നടത്താന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ബാങ്കുകള്‍ അനുസരിച്ച് ഇടപാടുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകാം.
യുപിഐ സേവനദാതാക്കളായ ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ എന്നിവ പ്രതിദിന പരിധിയായി നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഈ യുപിഐ ആപ്പുകള്‍ വഴി പ്രതിദിനം പത്ത് ഇടപാട് വരെ നടത്താം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കിയില്ലേ?; എസ്ബിഐ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ