ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കിയില്ലേ?; എസ്ബിഐ അലര്‍ട്ട്

കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും റിസര്‍വ് ബാങ്ക് രണ്ടര വര്‍ഷം മുന്‍പാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച് ജനുവരി ഒന്നിന് മുന്‍പ് അടുത്തവര്‍ഷത്തെ ലോക്കറുമായി ബന്ധപ്പെട്ട പുതുക്കിയ കരാറില്‍ ലോക്കര്‍ ഉടമയുമായി ബാങ്ക് ഏര്‍പ്പെടേണ്ടതായിരുന്നു. എന്നാല്‍ ഇത് വേഗത്തില്‍ നടപ്പാക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് സമപരിധി നീട്ടി. ഇതനുസരിച്ച് ഘട്ടം ഘട്ടമായി ഡിസംബര്‍ 31നകം വ്യവസ്ഥ നടപ്പാക്കണമെന്നതാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

ആദ്യ ഘട്ടമായി ഏപ്രില്‍ 30നകം പുതുക്കിയ കരാറിനെ കുറിച്ച് ലോക്കര്‍ ഉടമയെ ബാങ്കുകള്‍ അറിയിക്കണം. ജൂണ്‍ 30നകം 50 ശതമാനം ലോക്കര്‍ ഉടമകള്‍ കരാര്‍ പുതുക്കി എന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. മൂന്നാം ഘട്ടമായി സെപ്റ്റംബര്‍ 30നകം 75 ശതമാനം ഉപഭോക്താക്കളും കരാര്‍ പുതുക്കിയതായി ഉറപ്പാക്കേണ്ടതാണ്. തുടര്‍ന്ന് ഡിസംബര്‍ 31നകം മാര്‍ഗനിര്‍ദേശം പൂര്‍ണമായി നടപ്പാക്കി എന്ന് ഉറപ്പാക്കണമെന്നതാണ് ആര്‍ബിഐയുടെ നിര്‍ദേശം.

ഇതനുസരിച്ച് രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ, ലോക്കര്‍ ഉടമകളെ ആര്‍ബിഐ വ്യവസ്ഥ ഓര്‍മ്മിപ്പിച്ച് ട്വീറ്റ് ചെയ്തു. ലോക്കര്‍ സൂക്ഷിച്ചിരിക്കുന്ന ശാഖയുമായി ഉടന്‍ തന്നെ ബന്ധപ്പെട്ട് കരാര്‍ പുതുക്കാനാണ് ട്വീറ്റില്‍ പറയുന്നത്.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ ഏതെങ്കിലും നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്ന ആര്‍ബിഐയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം 2021 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. കരാറില്‍ നീതിയുക്തമല്ലാത്ത ഒരു വ്യവസ്ഥയും കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ലോക്കര്‍ ഉടമയെ ഉപദ്രവിക്കുന്ന തരത്തിലുള്ളതാവരുത് കരാര്‍ എന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ലോക്കറിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ലോക്കറില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ലോക്കറിന്റെ വാര്‍ഷിക വാടകയുടെ നൂറ് മടങ്ങ് വരെ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.ലോക്കര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ബാങ്കിന്റെ വീഴ്ച മൂലം കവര്‍ച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ലോക്കര്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കണം. ഒഴിഞ്ഞ് കിടക്കുന്ന ലോക്കറിന്റെ എണ്ണം പ്രദര്‍ശിപ്പിക്കണം. ലോക്കര്‍ അപേക്ഷയുടെ രശീത് നല്‍കുകയും വെയ്റ്റിങ് ലിസ്റ്റിന്റെ വിശദാംശങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ലോക്കര്‍ അനുവദിക്കുന്നതിന് മുന്‍പ് ബാങ്കും ഉപഭോക്താവും തമ്മില്‍ കരാറില്‍ എത്തണം.  ലോക്കര്‍ റൂമുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. 180 ദിവസത്തെ സിസിടിവി ഡേറ്റ സൂക്ഷിക്കണം. ക്രമക്കേട് നടന്നാല്‍ എളുപ്പം പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇത്രയും ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ ഡേറ്റ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്.

ലോക്കര്‍ ആവശ്യമുള്ളവര്‍ ടേം ഡെപ്പോസിറ്റ് ആരംഭിക്കണം. ലോക്കറിന് മൂന്ന് വര്‍ഷത്തേയ്ക്ക് നല്‍കുന്ന തുകയ്ക്ക് തുല്യമായ ടേം ഡെപ്പോസിറ്റ് ആണ് ആരംഭിക്കേണ്ടത്. ലോക്കറിന് മൂന്ന് വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാടക മുന്‍കൂട്ടി ഈടാക്കരുത്. മുന്‍കൂട്ടി പണം അടച്ചശേഷം ലോക്കര്‍ സേവനം അവസാനിപ്പിക്കാന്‍ ഉപഭോക്താവ് തയ്യാറായാല്‍, ശേഷിക്കുന്ന കാലയളവിലുള്ള വാടക തുകയ്ക്ക് ആനുപാതികമായ തുക മടക്കി നല്‍കണം. ബാങ്ക് ലോക്കര്‍ തുറക്കുന്ന സമയത്ത് എസ്എംഎസ്, ഇ-മെയില്‍ വഴി ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം. ബാങ്ക് തുറന്ന സമയവും തീയതിയും അറിയാന്‍ ഉപഭോക്താവിന് ഇത് സഹായകമാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com