എപ്പോഴും അപ്‌ഡേറ്റഡ് ആയി ഇരിക്കാം; 'ചാനല്‍' ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
By സമകാലികമലയാളം ഡെസ്ക് | Published: 08th June 2023 05:42 PM |
Last Updated: 08th June 2023 05:49 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറായ 'ചാനല്‍സ്' അവതരിപ്പിച്ചു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ അപ്‌ഡേറ്റുകള്‍ തേടാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യത നഷ്ടപ്പെടാതെ വിവരങ്ങള്‍ തേടാന്‍ കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം.
അപ്‌ഡേറ്റ്‌സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാനല്‍ കാണാന്‍ സാധിക്കുക. സ്റ്റാറ്റസിനൊപ്പമാണ് ചാനല്‍സ് എന്ന ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകള്‍ക്ക് തടസമില്ലാതെ തന്നെ പ്രത്യേക ചാനലുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
ഒരു ദിശയില്‍ മാത്രം ഫോളോവേഴ്‌സുമായി സംവദിക്കുന്ന രീതിയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതായത് ചാനലുകളുടെ അഡ്മിന്‍മാര്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ വണ്‍വേ ബ്രോഡ്കാസ്റ്റ് എന്ന നിലയില്‍ ഫോളോവേഴ്‌സിന് അയക്കും. ഓരോരുത്തരുടെയും താത്പര്യം അനുസരിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന സൗകര്യത്തോട് കൂടിയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാറ്റ്, ഇ-മെയില്‍ എന്നിവയില്‍ പങ്കുവെച്ചിരിക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ വഴി ചാനലുകളില്‍ കയറാന്‍ സാധിക്കും.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫോളോവേഴ്‌സിന് ചാനല്‍ അഡ്മിന്‍മാരുടെ പ്രൊഫൈല്‍ ഫോട്ടോയും ഫോണ്‍ നമ്പറും കാണാന്‍ സാധിക്കില്ല. സമാനമായ നിലയില്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അഡ്മിന്‍മാര്‍ക്കും മറ്റു ഉപയോക്താക്കള്‍ക്കും അറിയാന്‍ സാധിക്കില്ല. ചാനല്‍ ഹിസ്റ്ററി 30 ദിവസം വരെ മാത്രമേ സെര്‍വറില്‍ സൂക്ഷിക്കുകയുള്ളൂ. തന്റെ ചാനലുകള്‍ ആരെല്ലാം കാണണമെന്ന് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. തുടക്കത്തില്‍ സിംഗപ്പൂര്‍, കൊളംബിയ എന്നി രാജ്യങ്ങളിലാണ് പുതിയ ഫീച്ചര്‍ ലഭിക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മാസങ്ങള്‍ക്കകം ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി, ആയിരം രൂപ നോട്ട് തിരിച്ചുവരുമോ?; വിശദീകരണവുമായി ആര്‍ബിഐ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ