ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ പണമിടപാട് നടത്താം, എല്ലാ യുപിഐ സംവിധാനങ്ങളും ഉപയോഗിക്കാം; സേവനം വിപുലീകരിച്ച് വാട്‌സ്ആപ്പ് 

By സമകാലിക മലയാളം ഡെസ്ക്       |   Published: 21st September 2023 12:54 PM  |  

Last Updated: 21st September 2023 12:54 PM  |   A+A-   |  

WhatsApp

പ്രതീകാത്മക ചിത്രം

 


ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാക്കാന്‍, പേയ്‌മെന്റ് സര്‍വീസ് വിപുലീകരിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. എല്ലാ തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ഓപ്ഷനുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബിസിനസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധമാണ് വാട്‌സ്ആപ്പ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്. 

ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഷോപ്പിങ്ങിനായി എളുപ്പത്തില്‍ ബിസിനസ് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് സംവിധാനം. നിലവില്‍ വാട്‌സ്ആപ്പ് പേ വഴി ഇടപാട് നടത്താന്‍ കഴിയും. എന്നാല്‍ റെഗുലേറ്റര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് വാട്‌സ്ആപ്പിന് 50 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 10 കോടി ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്‌സ്ആപ്പ് പേ വഴി പണമിടപാട് നടത്താന്‍ കഴിയുകയുള്ളൂ. 

വാട്സ്ആപ്പില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഗൂഗിള്‍ പേ, പേടിഎം പോലുള്ള മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനും നിലവില്‍ സാധിക്കും. പക്ഷേ വാട്‌സ്ആപ്പിന് പുറത്തേയ്ക്ക് റീഡയറക്ട് ചെയ്ത് മാത്രമേ പണമിടപാട് നടത്താന്‍ കഴിയൂ. എന്നാല്‍ പണമിടപാട് സംവിധാനം വിപുലീകരിച്ചതോടെ, വാട്‌സ്ആപ്പില്‍ നിന്ന് കൊണ്ട് തന്നെ മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മെറ്റ അറിയിച്ചു. അതായത് വാട്‌സ്ആപ്പ് പേയുടെ എതിരാളികളായ മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ചും ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ പണമിടപാട് നടത്താന്‍ കഴിയുംവിധമാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോ​ഗിച്ചും പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. വാട്‌സ്ആപ്പിന്റെ സ്വന്തം പേയ്‌മെന്റ് സംവിധാനമായ വാട്‌സ്ആപ്പ് പേ ഉപയോഗിക്കുന്നതിന് പരിധി ഉണ്ട്. അതായത് മൊത്തം വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ 10 കോടി ആളുകള്‍ക്ക് മാത്രമേ ഇന്ത്യയില്‍ വാട്‌സ്ആപ്പ് പേ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയൂ. എന്നാല്‍ മറ്റു യുപിഐ സംവിധാനങ്ങള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും വാട്‌സ്ആപ്പിലെ ബിസിനസുകളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്താന്‍ കഴിയും വിധമാണ് പുതിയ സംവിധാനം. വാട്‌സ്ആപ്പില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ എന്നതാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു നിബന്ധന.  


ഈ വാര്‍ത്ത കൂടി വായിക്കൂ

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി 10 ദിവസം കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ