ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തെ മൂലധന നേട്ടമായാണോ അതോ മറ്റു സോത്രസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന പരിധിയിലാണോ ഉള്‍പ്പെടുത്തേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി. ക്രിപ്‌റ്റോ കറന്‍സി വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തിന് ഏത് നികുതിയാണ് ചുമത്തേണ്ടത് എന്ന കാര്യത്തില്‍ ജോധ്പൂരിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വ്യക്തത വരുത്തി. ക്രിപ്‌റ്റോ കറന്‍സിയെ മൂലധന ആസ്തിയായി അംഗീകരിച്ച് കൊണ്ടാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്.
ക്രിപ്റ്റോകറന്‍സികളെ മൂലധന ആസ്തികളായി അംഗീകരിക്കുന്ന ഉത്തരവ്, ക്രിപ്റ്റോകറന്‍സി വില്‍പ്പനയില്‍ നിന്നുള്ള മൂലധന നേട്ടങ്ങള്‍ക്ക് എങ്ങനെ നികുതി ചുമത്തപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രത്യേകിച്ചും 2022ല്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് (വിഡിഎ) സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നടന്ന ഇടപാടുകള്‍ക്കാണ് ഇത് കൂടുതല്‍ ബാധകമാകുക.
ക്രിപ്റ്റോ കറന്‍സികള്‍ മൂലധന ആസ്തികളാണെന്നും അവയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ മൂലധന നേട്ടമായാണ് കാണേണ്ടതെന്നുമാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയില്‍ പറയുന്നത്. ക്രിപ്റ്റോകറന്‍സിയുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം മൂലധന നേട്ടമായി കണക്കാക്കണോ അതോ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നതിന്റെ കീഴിലാണോ ഉള്‍പ്പെടുത്തേണ്ടത് എന്ന സംശയത്തിനാണ് വിധിയിലൂടെ ഉത്തരമായത്.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ക്രിപ്റ്റോകറന്‍സികളുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം ആദായനികുതി നിരക്കുകളേക്കാള്‍ മൂലധന നേട്ട നികുതിക്ക് വിധേയമാണ് എന്നാണ് ഇതിനര്‍ത്ഥം. 2022ല്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് (വിഡിഎ) സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് നടന്ന ക്രിപ്റ്റോകറന്‍സി വില്‍പനയെ മൂലധന ആസ്തികളുടെ വില്‍പ്പനയായി കണക്കാക്കണമെന്നാണ് വിധിയില്‍ പറയുന്നത്.
2015-16ല്‍ 5.05 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും 2020-21ല്‍ 6.69 കോടി രൂപയ്ക്ക് വിറ്റ് കാര്യമായ ലാഭമുണ്ടാക്കുകയും ചെയ്ത കേസിലാണ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വിധി. വ്യക്തി മൂന്ന് വര്‍ഷത്തിലേറെ കാലം ക്രിപ്റ്റോകറന്‍സി കൈവശം വച്ചതിനാല്‍, ലാഭം ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കണമെന്നും വിധിയില്‍ പറയുന്നു. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് സാധാരണയായി ഹ്രസ്വകാല മൂലധന നേട്ടത്തേക്കാള്‍ കുറഞ്ഞ നികുതി നിരക്കാണ് ഈടാക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടവുമായി ബന്ധപ്പെട്ട് നിയമപ്രകാരം ലഭ്യമായ കിഴിവ് വ്യക്തിക്ക് അനുവദിക്കാന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക