

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ജനുവരി ഏഴിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുക. ഇതിനോടകം തന്നെ ചൈനയില്‍ ഈ ഫോണ്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഒക്ടോബറിലാണ് ചൈനയില്‍ ഫോണ്‍ ലോഞ്ച് ചെയ്തത്.
പുതിയ Qualcomm Snapdragon 8 Elite ചിപ്പ് ആണ് ഇതിന് കരുത്ത് പകരുക. ബ്ലാക്ക് എക്ലിപ്സ്, ആര്‍ട്ടിക് ഡോണ്‍, മിഡ്നൈറ്റ് ഓഷ്യന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ഫോണിന്റെ പിന്നില്‍ മൈക്രോ-ഫൈബര്‍ വീഗന്‍ ലെതര്‍ ഡിസൈന്‍ ആണ് മിഡ്നൈറ്റ് ഓഷ്യന്‍ വേരിയന്റിന്റെ ഫീച്ചര്‍. അതേസമയം ആര്‍ട്ടിക് ഡോണ്‍ വേരിയന്റില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. നനഞ്ഞ കൈ ഉപയോഗിച്ച് പോലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. പൊടി, ജല പ്രതിരോധത്തിനായി IP68, IP69 റേറ്റിങ്ങുമായാണ് വണ്‍പ്ലസ് 13 വരുന്നത്.
ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകരാന്‍ 6.82ഇഞ്ച് ഡിസ്പ്ലേ, 120Hz റിഫ്രഷ് നിരക്കും QHD+ റെസല്യൂഷനുമായാണ് ഫോണ്‍ വരുന്നത്. ശൈത്യകാലത്തും ഫോണ്‍ സുഗമമായി ഉപയോഗിക്കാന്‍ കഴിയുംവിധം ഗ്ലൗസ് കോംപാറ്റിബിലിറ്റി ഫീച്ചറും ഇതിലുണ്ട്. ഡൈനാമിക് ഹൈ റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. ഓരോ സാഹചര്യത്തിനും അനുസരിച്ച് റിഫ്രഷ് റേറ്റ് വ്യത്യാസപ്പെടും. വീഡിയോ കാണുമ്പോള്‍, റിഫ്രഷ് റേറ്റ് കുറഞ്ഞേക്കാം. അതേസമയം കമന്റുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 60Hz, 90Hz, അല്ലെങ്കില്‍ 120Hz എന്നിങ്ങനെ ഉയര്‍ന്ന റിഫ്രഷ് റേറ്റിലേക്ക് ഉയരുന്നത് ദൃശ്യങ്ങളുടെ വ്യക്തത ഉറപ്പുവരുത്തും.
മറ്റൊരു നവീകരണം അതിന്റെ ബാറ്ററി ശേഷിയുടെ കാര്യത്തിലാണ്. 5,400mAhല്‍ നിന്ന് 6,000mAh ആയാണ് ബാറ്ററി ശേഷി വര്‍ധിപ്പിച്ചത്. ഈ വലിയ ബാറ്ററി ഒറ്റ ചാര്‍ജില്‍ ഏകദേശം രണ്ട് ദിവസത്തെ ഫോണ്‍ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. 100W വയര്‍ഡ് ചാര്‍ജിങ്ങിനെയും 50W വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു.
കാമറയുടെ മുന്‍വശത്ത്, 50-മെഗാപിക്‌സല്‍ LYT-808 പ്രൈമറി സെന്‍സറുമായാണ് ഫോണ്‍ വരുന്നത്. ടെലിഫോട്ടോയിലും അള്‍ട്രാവൈഡ് ലെന്‍സുകളിലും മാറ്റം ഉണ്ടാകാം. ഇവ രണ്ടിലും 50-മെഗാപിക്‌സല്‍ സെന്‍സറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 32 എംപിയുടേതാണ് ഫ്രണ്ട് കാമറ. ഉയര്‍ന്ന വിഡിയോ ക്വാളിറ്റിയ്ക്കായി 4K/60fps ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates