സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിനാണ് 2024ല്‍ സാക്ഷിയായത്. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വലിയ കുതിപ്പാണ് ഉണ്ടായത്. ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍പേരെ അടുപ്പിച്ചത്. 2024ല്‍ മാത്രം സ്വര്‍ണവിലയില്‍ 25 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് സ്വര്‍ണവില ആദ്യമായി പവന് 48,000 കടന്നത്. ആ മാസം തന്നെ വില ആദ്യമായി 50,000 എന്ന നാഴികക്കല്ല് പിന്നിടുന്നതിനും വിപണി സാക്ഷിയായി. പിന്നീടുള്ള ഏഴു മാസം കൊണ്ട് സ്വര്‍ണവിലയില്‍ പതിനായിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണത്തിന്റെ ശ്രദ്ധേയമായ ഉയര്‍ച്ചയ്ക്ക് നിരവധി ഘടകങ്ങള്‍ കാരണമായി. ഭൗമരാഷ്ട്രീയ പിരിമുറുക്കം വര്‍ധിച്ചതോടെ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള പ്രധാന സെന്‍ട്രല്‍ ബാങ്കുകളുടെ തീരുമാനം സ്വര്‍ണത്തിന് ബലമായി. കൂടാതെ ഇറക്കുമതി തീരുവ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനവും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. ആഗോള ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണത്തെ സ്വാധീനിച്ചു. നിയുക്ത യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ആഗോള വിപണിയുടെ പ്രവചനാതീതമായ സ്വഭാവവും 2025ല്‍ സ്വര്‍ണ വിലയില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഇപ്പോള്‍ ഒരുപോലെ ഉറ്റുനോക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നേരിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിപണിയില്‍ അനുഭവപ്പെട്ടത്. ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് തന്നെ സ്വര്‍ണവില 47000 കടന്നു. പിന്നീട് ഒരു വര്‍ഷം കൊണ്ട് സ്വര്‍ണവില പതിനായിരം രൂപയാണ് കുതിച്ചത്. ഫെബ്രുവരി അവസാനത്തോടെ സ്വര്‍ണ്ണം കുതിപ്പിന്റെ ആക്കം കൂട്ടുകയും മാര്‍ച്ചില്‍ ഏകദേശം 10 ശതമാനം ഉയരുകയും ചെയ്തു. ഏപ്രിലില്‍ ഒറ്റയടിക്ക് സ്വര്‍ണവിലയില്‍ 3000ലധികം രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മെയില്‍ 55000 കടന്ന ശേഷം പിന്നീട് ഒരു കുതിപ്പിന് സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. സെപ്റ്റംബറിലാണ് ആദ്യമായി സ്വര്‍ണവില 56000 കടന്നത്. യുഎസ് ഡോളറിനെ ചുറ്റിപ്പറ്റിയുള്ള വില്‍പന സമ്മര്‍ദ്ദം, യുഎസ് ട്രഷറി ബോണ്ട് യീല്‍ഡിലെ പിന്‍വലിക്കല്‍ എന്നിവയാണ് ഈ വര്‍ഷത്തിന്റെ തുടക്ക കാലത്ത് സ്വര്‍ണത്തിന്റെ കുതിപ്പിന് ആക്കം കൂട്ടിയത്.
ഏപ്രിലില്‍ സ്വര്‍ണം അതിന്റെ ഉയര്‍ച്ച വര്‍ദ്ധിപ്പിക്കുകയും രണ്ട് ശതമാനത്തിലധികം നേട്ടത്തോടെ മാസം അവസാനിപ്പിക്കുകയുമായിരുന്നു. മെയ്, ജൂണ്‍ മാസങ്ങളിലെ ഏകീകരണ കാലയളവിന് ശേഷം ജൂലൈയില്‍ സ്വര്‍ണം അതിന്റെ ശക്തി വീണ്ടെടുക്കുകയും നാല് മാസത്തെ ഉയര്‍ച്ചയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ജൂലൈ മുതല്‍ നവംബര്‍ വരെ, സ്വര്‍ണം 15 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഒക്ടോബറില്‍ സ്വര്‍ണവില 60000 കടന്നും കുതിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയാണ് സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ് ഉയരം. ഒക്ടോബറില്‍ തന്നെയാണ് 57,000, 58,000, 59000 എന്നി നാഴികക്കല്ലുകളും പിന്നിട്ടത്.
ഡിസംബറിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണം കടുത്ത സമ്മര്‍ദ്ദത്തിലായി. യുഎസ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്താന്‍ തീരുമാനിച്ചതാണ് വിലയെ സ്വാധീനിച്ചത്. ഡിസംബറില്‍ പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്താനാണ് യുഎസ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചത്. ട്രംപിന്റെ സാമ്പത്തിക, വിദേശ നയങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവ പ്രധാന ചാലകങ്ങളായി മാറുന്നതോടെ 2025ലും സ്വര്‍ണത്തിന്റെ കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക