ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്റ്റ് സെഡാനായ നാലാം തലമുറ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ചു. നവംബര്‍ 11നാണ് പുതിയ തലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.ഉപഭോക്താക്കള്‍ക്ക് 11,000 രൂപ നല്‍കി മാരുതി സുസുക്കി ഡിസയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ അഗ്രസീവ് ഡിസൈന്‍ ആയിരിക്കും പുതിയ ഡിസയറിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ റേഡിയേറ്റര്‍ ഗ്രില്‍, സംയോജിത ഡേടൈം റണ്ണിങ് ലൈറ്റുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് വാഹനം വിപണിയിലെത്തുക. പുതിയ അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ഭാഗം, ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവ വാഹനത്തിന് പുതുമ നല്‍കും.
അകത്തളത്തില്‍ നാലാം തലമുറ സ്വിഫ്റ്റിന് സമാനമായ വ്യത്യസ്തമായ ഡാഷ്ബോര്‍ഡ് ആണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫാക്സ്-വുഡന്‍ ഡാഷ്ബോര്‍ഡ് ട്രിമ്മും പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്. അധിക ഫീച്ചറുകളില്‍ സണ്‍റൂഫും 360 ഡിഗ്രി കാമറയും ഉള്‍പ്പെട്ടേക്കാം.
നിലവിലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാകും പുതിയ ഡിസയറും സഞ്ചരിക്കുക. 80 bhp കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 1.2-ലിറ്റര്‍, ത്രീ-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക. ഏറ്റവും പുതിയ സ്വിഫ്റ്റില്‍ കാണുന്ന അതേ എന്‍ജിനാണ് ഇതിലുണ്ടാകുക. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവലും എഎംടിയും ഉള്‍പ്പെടും. ഇതിന് 7മുതല്‍ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക