ന്യൂഡല്‍ഹി: അഡ്വഞ്ചര്‍ ബൈക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഹീറോ മോട്ടോര്‍ കോര്‍പ്പ് പുതിയ ബൈക്ക് അവതരിപ്പിച്ചു. എക്‌സ്പള്‍സ് 200ന്റെ പരിഷ്‌കരിച്ച പതിപ്പായ എക്‌സ്പള്‍സ് 210 ആണ് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2024 EICMA മോട്ടോഷോയില്‍ അവതരിപ്പിച്ചത്. കാഴ്ചയില്‍ എക്‌സ്പള്‍സ് 200ല്‍ നിന്ന് കാര്യമായ വ്യത്യാസം തോന്നില്ലെങ്കിലും എന്‍ജിനിലാണ് പ്രധാനമായി വ്യത്യാസം.
210 സിസി ലിക്വിഡ്- കൂള്‍ഡ് സിംഗിള്‍- സിലിണ്ടര്‍ എന്‍ജിന്‍ ആണ് എക്‌സ്പള്‍സ് 210ന് കരുത്തുപകരുന്നത്. എക്‌സ്പള്‍സ് 200ല്‍ എയര്‍/ ഓയില്‍- കൂള്‍ഡ് എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഹീറോയുടെ കരിസ്മ എക്‌സ്എംആറില്‍ നിന്നാണ് എക്‌സ്പള്‍സ് 210 എന്‍ജിന്‍ കടമെടുത്തിരിക്കുന്നത്. എക്‌സ്പള്‍സിലെ 210 സിസി എന്‍ജിന്‍ 24.6 എച്ച്പിയും 20.7 എന്‍എം ടോര്‍ക്യൂവുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
കാഴ്ചയില്‍ എക്‌സ്പള്‍സ് 200 ഉം എക്‌സ്പള്‍സ് 210 ഉം തമ്മില്‍ നിരവധി സമാനതകളുണ്ട്. സസ്പെന്‍ഷന്‍ ട്രാവല്‍ 210mm/205mm (മുന്നില്‍/പിന്‍ഭാഗം) ആണ്.എക്‌സ്പള്‍സിന് സ്വിച്ചബിള്‍ എബിഎസ് ഉണ്ട്. ഓഫ് റോഡ് യാത്രയ്ക്ക് ഗുണകരമായ രീതിയിലാണ് വീല്‍ ബേസ്. മുന്‍ ചക്രത്തിന് 21 ഇഞ്ച് വലിപ്പമുണ്ട്. പിന്നിലേതിന് 18 ഇഞ്ചും. ഒരു പുതിയ 4.2 ഇഞ്ച് TFT ഡാഷ് ആണ് മറ്റൊരു പ്രത്യേകത. എക്‌സ്പള്‍സ് 210 സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. എക്‌സ്പള്‍സ് 200 ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. 210ന് വില കൂടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക