ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് സ്വകാര്യതാനയവുമായി ബന്ധപ്പെട്ട് 213.14 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) തീരുമാനം അംഗീകരിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചിക്കുന്നതായും മെറ്റ അറിയിച്ചു.
2021 ലെ വാട്സ്ആപ്പ് സ്വകാര്യതാനയ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ഡിജിറ്റല്‍ വിപണിയിലെ കുത്തക നിലനിര്‍ത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മത്സരവിരുദ്ധ നടപടികളില്‍ നിന്നൊഴിവാകാനും കമ്മീഷന്‍ മെറ്റയോടു നിര്‍ദേശിച്ചു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്നും തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചിക്കുന്നതായും മെറ്റ അറിയിച്ചു.'ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍, 2021-ലെ അപ്ഡേറ്റ് ആളുകളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്വകാര്യതയില്‍ മാറ്റം വരുത്തിയിട്ടില്ല. മാത്രമല്ല ആ സമയത്ത് ഉപയോക്താക്കള്‍ക്കുള്ള ഒരു ചോയിസ് എന്ന നിലയിലാണ് ഇത് വാഗ്ദാനം ചെയ്തത്. ഈ അപ്ഡേറ്റ് കാരണം ആര്‍ക്കും അവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാകുകയോ വാട്‌സ്്ആപ്പ് സേവനം നഷ്ടപ്പെടുകയോ ചെയ്യില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.'- മെറ്റാ വക്താവ് പറഞ്ഞു.
വാട്‌സ്ആപ്പില്‍ ഓപ്ഷണല്‍ ബിസിനസ് ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ഡാറ്റ ശേഖരണം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് അപ്ഡേറ്റ് എന്നും മെറ്റാ പറഞ്ഞു. 'വാട്‌സ്ആപ്പ് ആളുകള്‍ക്കും ബിസിനസുകള്‍ക്കും വിലപ്പെട്ടതാണ്. കൂടാതെ ഓര്‍ഗനൈസേഷനുകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൗരസേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമാക്കുന്നു. കോവിഡ് കാലം മുതല്‍ തന്നെ ഇത് ചെയ്ത് വരുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ഉന്നമനത്തിനായി ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കുന്നു.'- മെറ്റ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മെറ്റയുടെ മറ്റു പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി 2021ലാണ് സ്വകാര്യതാനയം വാട്സ്ആപ്പ് പുതുക്കത്. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. ഇതിനെതിരെയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രംഗത്തുവന്നത്. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമാണ് വാട്സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുത്. പരസ്യ ഇതരാവശ്യങ്ങള്‍ക്കായി വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനെല്ലാമെന്ന് വ്യക്തമാക്കി വിശദീകരണം നല്‍കണം. 2021 ലെ സ്വകാര്യതാനയം അംഗീകരിച്ചവര്‍ക്ക് അതൊഴിവാക്കാന്‍ അവസരം നല്‍കണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക