ന്യൂഡല്‍ഹി: ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ചാണ് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ജീവനക്കാര്‍ ആക്ടിവേറ്റ് ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. 2024-25 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍ഐ) സ്‌കീമില്‍ നിന്ന് പരമാവധി തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം നല്‍കിയത്.
' ഈ സാമ്പത്തികവര്‍ഷം ജോലിയില്‍ പ്രവേശിച്ച എല്ലാ ജീവനക്കാരും ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് നവംബര്‍ 30നകം യുഎഎന്‍ ആക്ടിവേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് തൊഴിലുടമകള്‍ ഉറപ്പാക്കേണ്ടതാണ്'- തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇപിഎഫ്ഒയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെങ്കില്‍ യുഎഎന്‍ ആക്ടിവേഷന്‍ ആവശ്യമാണ്.
പ്രൊവിഡന്റ് ഫണ്ട് (PF) അക്കൗണ്ടുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും പിഎഫ് പാസ്ബുക്കുകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പിന്‍വലിക്കലുകള്‍ക്കും അഡ്വാന്‍സുകള്‍ക്കും അല്ലെങ്കില്‍ കൈമാറ്റങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കാനും വ്യക്തിഗത വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും ട്രാക്ക് ചെയ്യാനും ഇതുവഴി സാധിക്കും. ഇപിഎഫ്ഒ ഓഫീസുകളിലേക്ക് പോവാതെ തന്നെ, വീടുകളില്‍ ഇരുന്ന് കൊണ്ട് തന്നെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും യുഎഎന്‍ ആക്ടിവേഷന്‍ ആവശ്യമാണ്. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയിലൂടെയുള്ള ബയോമെട്രിക് ഓതന്റിക്കേഷന്റെ അത്യാധുനിക സൗകര്യം യുഎഎന്‍ ആക്ടിവേഷനില്‍ ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് യുഎഎന്‍ ആക്ടിവേറ്റ് ചെയ്യുന്ന വിധം ചുവടെ:
1) ഇപിഎഫ്ഒ അംഗത്വ പോര്‍ട്ടലിലേക്ക് പോകുക.
2) 'Important Links' എന്നതിന് താഴെയുള്ള 'Activate UAN' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3) യുഎഎന്‍, ആധാര്‍ നമ്പര്‍, പേര്,ജനനത്തീയതി, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
4) ഇപിഎഫ്ഒയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ മുഴുവന്‍ ആക്സസ് ചെയ്യുന്നതിന് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പാക്കണം.
5) ആധാര്‍ ഒടിപി വെരിഫിക്കേഷന്‍ അംഗീകരിക്കുക.
6) ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കുന്നതിന് 'Get Authorization PIN' ക്ലിക്ക് ചെയ്യുക.
7) നടപടി പൂര്‍ത്തിയാക്കുന്നതിന് ഒടിപി നല്‍കുക
8) ആക്ടിവേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു പാസ്വേഡ് അയയ്ക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക