ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപകര്‍ ഒന്നടങ്കം തിരിച്ചുവന്നതോടെ ഓഹരി വിപണിയില്‍ റാലി. അടുത്തകാലത്ത് ആദ്യമായി വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 1800 പോയിന്റ് കുതിച്ചു. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായ 24000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ് നിഫ്റ്റി. കഴിഞ്ഞ ദിവസവും ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികള്‍ തിരിച്ചുകയറി.
ധനകാര്യ കമ്പനികളുടെ റാലിയും അമേരിക്കയില്‍ നിന്നുള്ള ശക്തമായ തൊഴില്‍ കണക്കുകളുമാണ് വിപണിയെ സ്വാധീനിച്ച മറ്റു ഘടകങ്ങള്‍. സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനമാണ് മുന്നേറിയത്. ബ്ലൂചിപ്പ് ബാങ്ക് ഓഹരികളാണ് പ്രധാനമായി വിപണിക്ക് കരുത്തുപകര്‍ന്നത്. വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തയ്യാറായതാണ് വിപണിയെ സഹായിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
ഐടി, എണ്ണ, പ്രകൃതിവാതകം അടക്കം എല്ലാ സെക്ടറുകളിലും മുന്നേറ്റം ദൃശ്യമായി. അദാനി ഗ്രൂപ്പ് കമ്പനികളില്‍ കഴിഞ്ഞദിവസവും ഇന്ന് രാവിലെയും കനത്ത നഷ്ടം നേരിട്ട അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്‌സും തിരിച്ചുകയറി നേട്ടം ഉണ്ടാക്കി. ഇന്ന് രാവിലെ ഓഹരി വിപണി നേട്ടത്തിന്റെ പാതയിലായിരുന്നിട്ടും അദാനി എന്റര്‍പ്രൈസസ് നഷ്ടത്തിലായിരുന്നു. എന്നാല്‍ റാലിയില്‍ അദാനി എന്റര്‍പ്രൈസസ് അടക്കമുള്ള അദാനി ഗ്രൂപ്പ് കമ്പനികള്‍ ശക്തമായി തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക