ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് സമാനമായി ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാം. എട്ട് മണിക്കൂര്‍ വരെ ലൈവ് ലൊക്കേഷനുകള്‍ പങ്കിടാന്‍ വാട്‌സ്ആപ്പില്‍ കഴിയുമെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ ഈ ഫീച്ചര്‍ പരിധി ഒരു മണിക്കൂര്‍ മാത്രമേ ലഭ്യമാകൂ. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂവെന്നും ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലൈവ് ലൊക്കേഷന്‍ സന്ദേശങ്ങള്‍ സ്വകാര്യമായി മാത്രമേ പങ്കിടാനാകൂ, ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും. ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനാകില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്‌സിന്റെ മുകളില്‍ സൂചന കാണിക്കും. നവംബര്‍ 25ന് പോസ്റ്റ് ചെയ്ത ബ്ലോഗ് പോസ്റ്റില്‍ ഇന്‍സ്റ്റഗ്രാം അറിയിച്ചു.
ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റ് കൂടാതെ, ഡയറക്ട് മെസേജ് സെക്ഷനില്‍ 300ലധികം സ്റ്റിക്കറുകളുള്ള 17 പുതിയ സ്റ്റിക്കര്‍ പായ്ക്കുകള്‍ ലഭ്യമാണെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക