ന്യൂഡല്‍ഹി: രാജ്യാന്തര തട്ടിപ്പ് കോളുകള്‍ തടയുന്നതിന് പുതിയ സംവിധാനം അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഫോണ്‍ നമ്പറില്‍ നിന്നുള്ള കോള്‍ എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള രാജ്യാന്തര തട്ടിപ്പ് കോളുകള്‍ തടയുന്നതിന് സ്പാം ട്രാക്കിങ് സംവിധാനമാണ് കേന്ദ്രം ഒരുക്കിയത്. ഇന്റര്‍നാഷണല്‍ ഇന്‍കമിങ് സ്പൂഫ്ഡ് കോള്‍സ് പ്രിവന്‍ഷന്‍ സിസ്റ്റം എന്ന പേരിലുള്ള സംവിധാനത്തിന്റെ ലോഞ്ച് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് നിര്‍വഹിച്ചത്.
സുരക്ഷിതമായ ഡിജിറ്റല്‍ ഇടം കെട്ടിപ്പടുക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക ഇന്ത്യന്‍ നമ്പറുകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധം വരുന്ന അന്താരാഷ്ട്ര കോളുകള്‍ (+91xxxxxxxxx) തടയുന്നതിനാണ് പുതിയ സംവിധാനം. കോളിങ് ലൈന്‍ ഐഡന്റിറ്റിയില്‍ (CLI) കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഈ കോളുകള്‍ യഥാര്‍ഥത്തില്‍ വിദേശത്ത് നിന്നാണ് വരുന്നതെങ്കിലും ഒറ്റ നോട്ടത്തില്‍ ഇന്ത്യയില്‍ നിന്നാണ് എന്ന് തോന്നിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ സംശയവും ഉണ്ടാവാത്ത വിധം തന്ത്രപരമായാണ് തട്ടിപ്പ്. ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഈ മാര്‍ഗം ഉപയോഗിക്കുന്നത്. പണമോ വ്യക്തിഗത വിവരങ്ങളോ തട്ടിയെടുക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഇവരുടെ രീതിയാണ്. അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
തട്ടിപ്പിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് സിസ്റ്റം അത്തരം നമ്പറുകള്‍ തിരിച്ചറിയുകയും തടയുകയും ചെയ്യുന്ന തരത്തിലാണ് പുതിയ സംവിധാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ, 1.35 കോടി കോളുകള്‍ സ്പൂഫ് കോളുകളായി കണ്ടെത്തി സിസ്റ്റം ബ്ലോക്ക് ചെയ്തു. ഇതില്‍ 90 ശതമാനവും ഇന്റര്‍നാഷണല്‍ കോളുകളായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക