

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് 102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ഇന്ത്യയില്‍ ആഭ്യന്തരമായി സൂക്ഷിക്കാന്‍ തിരികെ കൊണ്ടുവന്നത്.
സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് കേന്ദ്രബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിക്കുന്നതാണ്. മാര്‍ച്ച് 31 വരെ 408 ടണ്‍ ആയിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.
2022 സെപ്റ്റംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി 214 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്. ഭൗമരാഷ്ട്രീയ പിരിമുറുക്കം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമായി സൂക്ഷിക്കേണ്ട സ്വര്‍ണത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിക്കുകയായിരുന്നു. 1990കളുടെ തുടക്കത്തില്‍ ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സ്വര്‍ണം പണയം വയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇത്തരത്തില്‍ രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് പോയ സ്വര്‍ണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളാണ് സര്‍ക്കാരും കേന്ദ്രബാങ്കും ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രധാനമായി മുംബൈയിലും നാഗ്പൂരിലുമുള്ള പ്രാദേശിക നിലവറകളിലേക്ക് ഇന്ത്യ സ്വര്‍ണ ശേഖരം മാറ്റിക്കൊണ്ടിരിക്കുകയാണ്. 2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം യുകെയില്‍ നിന്ന് 100 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates