
ന്യൂഡല്‍ഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിമിഷങ്ങള്‍ കൊണ്ട് ആവിയായി പോയത് 20 ലക്ഷം കോടി രൂപ. ഇന്ന് സെന്‍സെക്‌സ് 4000 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 5 ശതമാനം ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ആയിരം പോയിന്റ് ആണ് താഴ്ന്നത്. 2024 ജൂണ്‍ നാലിന് ശേഷം ആദ്യമായാണ് ഒറ്റദിനത്തില്‍ ഇത്രയുമധികം ഇടിയുന്നത്.
ട്രംപിന്റെ സമൂലമായ നയങ്ങളില്‍ പരിഭ്രാന്തരായ ഏഷ്യന്‍ ഓഹരി വിപണികളില്‍ വന്‍തോതിലുള്ള വില്‍പ്പനയാണ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നടിഞ്ഞത്. അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം വ്യാപാരികളെയും കയറ്റുമതിക്കാരെയും ഒരേ പോലെ ആശങ്കപ്പെടുത്തുന്നതാണ്. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ടാറ്റാ സ്റ്റീല്‍ 10 ശതമാനവും ടാറ്റ മോട്ടോഴ്‌സ് 9 ശതമാനവുമാണ് ഇടിഞ്ഞത്. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, റിലയന്‍സ്, ടിസിഎസ്, എല്‍ആന്റ്ടി ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. സെന്‍സെക്‌സിലെ 30 കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക