

ന്യൂഡൽഹി: 2000 രൂപയ്ക്കു മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്തകൾ വാസ്തവവിരുദ്ധമെന്നു ധനമന്ത്രാലയം. പ്രചരിക്കുന്നത് പൂർണമായും തെറ്റായ വാർത്തകളാണ്. വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നു ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
സർക്കാരിനു മുന്നിൽ അത്തരത്തിലുള്ള ഒരു നിർദ്ദേശവുമില്ല. യുപിഐ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2024ലെ എൻസിഐ വേൾഡ് വൈഡ് റിപ്പോർട്ടനുസരിച്ച് 2023ൽ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ ആഗോളതലത്തിൽ തന്നെ ഇന്ത്യ മുന്നിലാണെന്നു വ്യക്തമാണ്.
2019- 20 കാലത്ത് 21.3 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടന്നു. 2025 മാർച്ചോടെ അത് 260.56 ലക്ഷം കോടിയായി വർധിച്ചു. ഡിജിറ്റൽ പേയ്മെന്റ് രീതിയുടെ വർധിച്ച സ്വീകാര്യതയാണ് ഇതു സൂചിപ്പിക്കുന്നത്- ധനമന്ത്രാലയം പ്രസ്തവനയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates