
ന്യൂഡല്‍ഹി: വയോജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര ബജറ്റ്. ബാങ്കില്‍ നിക്ഷേപം നടത്തി പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന ഒട്ടനവധി മുതിര്‍ന്ന അംഗങ്ങള്‍ക്ക് പ്രയോജനം നല്‍കി പലിശവരുമാനത്തില്‍ നിന്ന് ടിഡിഎസ് പിടിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി. നിലവില്‍ വര്‍ഷം 50,000 രൂപ വരെയുള്ള പലിശവരുമാനത്തിന് ടിഡിഎസ് ഈടാക്കില്ല. ഈ പരിധി ഒരു ലക്ഷമാക്കി ഉയര്‍ത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
വാടകവരുമാനത്തിന് ആറുലക്ഷം രൂപ വരെയും ടിഡിഎസ് ഈടാക്കില്ല.നിലവില്‍ 2.40 ലക്ഷം രൂപ വരെയുള്ള വാടക വരുമാനത്തെയാണ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതും വയോജനങ്ങള്‍ക്കാണ് ഏറെ പ്രയോജനം ചെയ്യുക. വിദേശ യാത്രകള്‍ക്കും ചികിത്സയ്ക്കും മറ്റുമായി വിദേശ പണമയയ്ക്കലിന് ചുമത്തുന്ന ടിസിഎസ് ( സ്രോതസില്‍ നിന്ന് നികുതി ഈടാക്കല്‍) പരിധി ഏഴു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമാക്കി ഉയര്‍ത്തി. വിദേശ പഠനത്തെ ടിസിഎസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വിദേശ പഠനത്തിനായി ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്പയ്ക്കാണ് ഇളവ് ലഭിക്കുക എന്നും ധനമന്ത്രി പറഞ്ഞു.
2023-23 ലെ കേന്ദ്ര ബജറ്റ് വിദേശ പണമയയ്ക്കലിനുള്ള ടിസിഎസ് 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക