
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന വന്‍പ്രഖ്യാപനങ്ങളുമായി കേന്ദ്രബജറ്റ്. മിഡില്‍ ക്ലാസുകാരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനായി ആദായനികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഹൈലൈറ്റ്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. പുതിയ നികുതി സമ്പ്രദായം പിന്തുടര്‍ന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
കാന്‍സറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കി. എല്ലാ ജില്ലകളിലും കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കും. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ചെറുകിട വ്യാപാരികള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. അഞ്ചുലക്ഷം രൂപ വരെ വായ്പാ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് അനുവദിക്കുക. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതി പ്രയോജനപ്പെടും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേയ്ക്ക് പലിശരഹിത വായ്പ നല്‍കുന്നതിന് ഒന്നരലക്ഷം കോടി രൂപ വകയിരുത്തും. ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റും. ഇന്ത്യ പോസ്റ്റിനെ വലിയ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴിയാകും പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍
ഇന്‍ഷുറന്‍മേഖലയില്‍ വിദേശനിക്ഷേപ പരിധി 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കും
സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10000 കോടി രൂപ നീക്കിവെയ്ക്കും
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അഞ്ചു ലക്ഷം വനിതാ സംരംഭകര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ വരെ വായ്പ അനുവദിക്കും
ഉയര്‍ന്ന നിലവാരമുള്ളതും, അതുല്യവും, നൂതനവും, സുസ്ഥിരവുമായ കളിപ്പാട്ടങ്ങള്‍ സൃഷ്ടിച്ച്, ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കും
ഭാരത്നെറ്റ് പദ്ധതി പ്രകാരം ഗ്രാമപ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കും
2014 ന് ശേഷം ആരംഭിച്ച 5 ഐഐടികളില്‍ 6,500 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി അധിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും
വിദ്യാഭ്യാസത്തിനായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനായി 500 കോടി രൂപ നീക്കിവെച്ചു
അടുത്ത വര്‍ഷം മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകള്‍ അനുവദിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക ലക്ഷ്യം
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ നല്‍കും. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷനും അനുവദിക്കും
120 പുതിയ ആഭ്യന്തര വിമാനത്താവളങ്ങളുമായി പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 4 കോടി യാത്രക്കാരെ വഹിക്കുന്നതിനുമായി പരിഷ്‌കരിച്ച ഉഡാന്‍ പദ്ധതി പ്രഖ്യാപിച്ചു
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒരു ലക്ഷമാക്കി ഉയര്‍ത്തി
വയോജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര ബജറ്റ്. ഒരു ലക്ഷം രൂപ വരെയുള്ള പലിശവരുമാനത്തിന് ടിഡിഎസ് ഇല്ല
വാടകവരുമാനത്തിന് ആറുലക്ഷം രൂപ വരെ ടിഡിഎസ് ഈടാക്കില്ല
വിദേശ പണമയയ്ക്കലിന് ചുമത്തുന്ന ടിസിഎസ് പരിധി ഏഴു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമാക്കി ഉയര്‍ത്തി.
കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കി
ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവി ബാറ്ററികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറഞ്ഞേക്കും.
പുതിയ ദേശീയ കെവൈസി രജിസ്ട്രി ഉടന്‍
ജല്‍ജീവന്‍ മിഷന്‍ 2028 വരെ നീട്ടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക