
ന്യൂഡല്‍ഹി: ബജറ്റില്‍ ഉയര്‍ന്ന നിലവാരമുള്ള മോട്ടോര്‍ സൈക്കിളുകളുടെയും കാറുകളുടെയും ഇറക്കുമതി തീരുവ കുറച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പലതവണ വിമര്‍ശിച്ചതിന് പിന്നാലെ എന്ന് റിപ്പോർട്ട്. ആഡംബര മോട്ടോര്‍ സൈക്കിളായ ഹാര്‍ലി ഡേവിഡ്‌സണ് ഇന്ത്യയില്‍ നൂറുശതമാനത്തിലേറെ നികുതി ചുമത്തുന്നത് ഉദാഹരണമായി പറഞ്ഞു കൊണ്ടായിരുന്നു ട്രംപിന്റെ വിമര്‍ശനം. 2020 മുതല്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഇന്ത്യയിലെ ഉയര്‍ന്ന നികുതിയെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ബജറ്റില്‍ തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിലൂടെ മോട്ടോര്‍ വാഹനങ്ങളുടെ ഇറക്കുമതി കൂടിയേക്കും. കാറുകള്‍ ഉള്‍പ്പെടെയുള്ള വിവിധ മോട്ടോര്‍ വാഹനങ്ങളുടെ കസ്റ്റംസ് തീരുവ 70 ശതമാനമാക്കിയാണ് കുറച്ചത്. വിവിധ മോട്ടോര്‍സൈക്കിളുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിലും കുറവുവരുത്തി.
1600 സിസിയില്‍ താഴെയുള്ള മോട്ടോര്‍ സൈക്കിളിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി. ഇതേവിഭാഗത്തിലെ ഭാഗികമായി സംയോജിപ്പിച്ച മോട്ടോര്‍ സൈക്കിളിന് 25ല്‍ നിന്നും ഇരുപതും ഒട്ടും സംയോജിപ്പിക്കാത്ത രൂപത്തിലുള്ള മോട്ടോര്‍ സൈക്കിളിന് 15ല്‍ നിന്ന് പത്തുമായാണ് തീരുവ കുറച്ചത്.
1600 സിസിയില്‍ കൂടുതലുള്ളതിന് 50ല്‍ നിന്ന് മുപ്പതും ഇതേവിഭാഗത്തിലെ ഭാഗികമായി സംയോജിപ്പിച്ചതിന് 25ല്‍ നിന്നും ഇരുപതും ഒട്ടും സംയോജിപ്പിക്കാത്തതിന് 15ല്‍ നിന്ന് പത്തുശതമാനമായുമാണ് തീരുവ കുറച്ചത്. സൈക്കിളിന് 35ല്‍ നിന്ന് 20 ശതമാനവുമാക്കി.
40000 ഡോളറിന് മുകളില്‍ വിലയുള്ള ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ മുന്‍പ് 125 ശതമാനം നികുതി നല്‍കണം. ഇതാണ് 70 ശതമാനമായി കുറച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക