പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ?; ഇതാ ജനുവരിയില്‍ ലോഞ്ച് ചെയ്യുന്ന ആറുമോഡലുകള്‍

പുതുവര്‍ഷത്തില്‍ പുതിയ കാറുകള്‍ നിരത്തില്‍ ഇറക്കാനുള്ള മത്സരത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍
KIA SYROS
കിയ സിറോസ്IMAGE CREDIT: KIA

പുതുവര്‍ഷത്തില്‍ പുതിയ കാറുകള്‍ നിരത്തില്‍ ഇറക്കാനുള്ള മത്സരത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. ജനുവരിയില്‍ തന്നെ പുതിയ കാറുകള്‍ നിരത്തില്‍ ഇറക്കി ഈ വര്‍ഷം ഗംഭീരമാക്കാനാണ് വാഹനനിര്‍മ്മാതാക്കളുടെ പരിപാടി. ജനുവരിയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന ചില കാറുകള്‍ ചുവടെ:

1. ഹ്യുണ്ടായ് ക്രെറ്റ ഇവി

HYUNDAI CRETA
ഹ്യുണ്ടായ് ക്രെറ്റ IMAGE CREDIT: HYUNDAI

2025ല്‍ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണ് ഹ്യുണ്ടായ് ക്രെറ്റ ഇവി. ജനുവരി 17ന് നടക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഇത് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇവി മിഡ്-സൈസ് എസ്യുവിയില്‍ പുതിയ ഗ്രില്‍, പരിഷ്‌കരിച്ച ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എയ്റോ വീലുകള്‍, വീണ്ടും രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളായി വരുമെന്നാണ് കരുതുന്നത്. മുന്‍ ചക്രങ്ങള്‍ക്ക് കരുത്തുപകരുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറും 60kWh ബാറ്ററി പായ്ക്കും ഇതില്‍ ഉണ്ടായേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു. ഒറ്റ ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നവിധത്തില്‍ ഇതില്‍ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

2. കിയ സിറോസ്

KIA SYROS
കിയ സിറോസ് IMAGE CREDIT: KIA

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായാണ് സിറോസ് പ്രദര്‍ശിപ്പിച്ചത്. കിയ സോണറ്റ് ആണ് ആദ്യ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവി. ഈ മാസം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ലായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച്. ഇവിടെ വച്ച് വിലയും പ്രഖ്യാപിക്കും. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസിനെ അവതരിപ്പിച്ചത്. ജനുവരി മൂന്നിന് ഇതിന്റെ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരിയില്‍ ഡെലിവറി ആരംഭിക്കാന്‍ കഴിയുംവിധം ക്രമീകരണം ഒരുക്കാനാണ് കമ്പനിയുടെ പദ്ധതി.പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. പെട്രോള്‍ പതിപ്പില്‍ 118 എച്ച്പിയും 172 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഉണ്ടാവുക. ഇത് ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായോ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായോ ജോടിയാക്കിയിരിക്കും.

3. മഹീന്ദ്ര ബിഇ 6

BE 6e
മഹീന്ദ്ര ബിഇ 6IMAGE CREDIT: MAHINDRA

2025 ജനുവരിയില്‍ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വിലകള്‍ മഹീന്ദ്ര പ്രഖ്യാപിക്കും. ഒറ്റ ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന 59kWh, 79kWh ബാറ്ററി പായ്ക്കുകളാണ് ഇതിന്റെ പ്രധാന ഫീച്ചര്‍. 175kW ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ, വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20-80 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഇതിലെ സാങ്കേതികവിദ്യ.

4. മഹീന്ദ്ര എക്‌സ്ഇവി 9ഇ

Mahindra XEV 9e
മഹീന്ദ്ര XEV 9e image credit: mahindra

കൂപ്പെ എസ് യുവി മോഡലായ എക്‌സ്ഇവി 9ഇയുടെ വില ഈ മാസം മഹീന്ദ്ര പ്രഖ്യാപിക്കും. മഹീന്ദ്ര XEV 9ഇ ല്‍ ഒരു ത്രികോണ LED ഹെഡ്‌ലാമ്പ് കോണ്‍ഫിഗറേഷന്‍ ഉണ്ടായിരിക്കും. ബ്രാന്‍ഡിന്റെ INGLO ആര്‍ക്കിടെക്ചര്‍ ഇതിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും, ഇത് അടിസ്ഥാനപരമായി XUV700 ന്റെ ഒരു വൈദ്യുതീകരിച്ച കൂപ്പെ പതിപ്പാണ്. BE6 ന് സമാനമായി, XEV 9e-ലും സവിശേഷതകളും സാങ്കേതികവിദ്യയും നിറഞ്ഞിരിക്കുന്നു. ലെവല്‍ 2 ADAS സ്യൂട്ട്, 360-ഡിഗ്രി കാമറ, ആറ് എയര്‍ബാഗുകള്‍, ഡാഷ്ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്ന മൂന്ന് സ്‌ക്രീനുകള്‍, പൂര്‍ണ്ണ LED ലൈറ്റിങ്, റീക്ലൈന്‍ ഫംഗ്ഷനോടുകൂടിയ രണ്ടാം നിര സീറ്റുകള്‍ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍.

5. ടാറ്റ കര്‍വ് സ്‌പെഷ്യല്‍ പതിപ്പുകള്‍

TATA CURVV
ടാറ്റ കര്‍വ് image credit: TATA MOTORS

ഈ മാസം ടാറ്റ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നത് കര്‍വ് ശ്രേണിയിലെ സ്‌പെഷ്യല്‍ എഡിഷനുകളാണ്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കമ്പനി EV, ICE വേര്‍ഷനുകളില്‍ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. പെട്രോള്‍ പതിപ്പിന് സിഎന്‍ജി ഓപ്ഷനും ലഭിച്ചേക്കാം.

6. ബെന്‍സ് ഇക്യൂഎസ് എസ് യുവി 450

Mercedes-Benz EQS SUV

EQS SUV ശ്രേണിയില്‍ ഒരു പുതിയ വേരിയന്റ് പുറത്തിറക്കി പുതുവര്‍ഷം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. ഇലക്ട്രിക് എസ്യുവിയുടെ അഞ്ച് സീറ്റര്‍ പതിപ്പായ പുതിയ EQS SUV 450 വേരിയന്റ് ജനുവരി 9 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. പരിഷ്‌കരിച്ച എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ അലോയ് വീലുകള്‍, എയര്‍ പ്യൂരിഫയര്‍, സ്‌പെയര്‍ വീല്‍, ആഡംബര സീറ്റുകള്‍ എന്നിവയോടെയാണ് വാഹനം നിരത്തില്‍ ഇറങ്ങുക. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 122kW ബാറ്ററി പായ്ക്ക് ആണ് ഈ എസ്യുവിക്ക് കരുത്തുപകരുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com