'എത്ര മണിക്കൂര്‍ പണിയെടുത്തു എന്നതിലല്ല കാര്യം, വേണ്ടത്...; 90 മണിക്കൂര്‍ ജോലി വിവാദത്തില്‍ ഐടിസി ചെയര്‍മാന്‍

തൊഴിലാളികള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിനേക്കാള്‍ കമ്പനിയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുക എന്നതാണ് പ്രധാനമെന്ന് പ്രമുഖ കമ്പനിയായ ഐടിസിയുടെ ചെയര്‍മാന്‍ സഞ്ജീവ് പുരി
90-hour workweek: ITC Chairman says flexibility, employee empowerment more important
ഐടിസി ചെയര്‍മാന്‍ സഞ്ജീവ് പുരി
Updated on
2 min read

ന്യൂഡല്‍ഹി: തൊഴിലാളികള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിനേക്കാള്‍ കമ്പനിയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുക എന്നതാണ് പ്രധാനമെന്ന് പ്രമുഖ കമ്പനിയായ ഐടിസിയുടെ ചെയര്‍മാന്‍ സഞ്ജീവ് പുരി. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൊട്ടാരം പണിയുന്ന നിരവധി തൊഴിലാളികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.'എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ ഒരു കല്‍പ്പണിക്കാരനോട് ചോദിച്ചാല്‍, അയാള്‍ ഇഷ്ടിക സിമന്റിട്ട് ഉറപ്പിക്കുകയാണെന്ന് പറഞ്ഞേക്കാം, മറ്റൊരാള്‍ താന്‍ ഒരു മതില്‍ പണിയുന്നുവെന്ന് പറഞ്ഞേക്കാം, എന്നാല്‍ ചിലര്‍ താന്‍ ഒരു കൊട്ടാരം പണിയുന്നുവെന്ന് പറയാനും സാധ്യതയുണ്ട്. തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കേണ്ടത് ഇത്തരത്തിലുള്ള ഒരു കാഴ്ചപ്പാടാണ്'- അദ്ദേഹം പിടിഐയോട് പറഞ്ഞു.

'ഐടിസിയില്‍ ജോലി സമയത്തിന് കൃത്യമായ ഒരു സമയം നിശ്ചയിച്ചിട്ടില്ല. ജീവനക്കാര്‍ കമ്പനിയുടെ യാത്രയില്‍ പങ്കാളിയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കാറ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ ഇടപെടാനും സ്ഥാപനത്തില്‍ ഒരു മാറ്റം വരുത്താനുള്ള ആഗ്രഹം അവര്‍ക്കിടയില്‍ പ്രകടമാകാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ഞങ്ങള്‍ അതിനെ കാണുന്നത്'- സഞ്ജീവ് പുരി പറഞ്ഞു.

'ആഴ്ചയില്‍ രണ്ട് ദിവസം വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതുള്‍പ്പെടെ, വഴക്കമുള്ള തൊഴില്‍ അന്തരീക്ഷമാണ് കമ്പനിയില്‍ നിലനില്‍ക്കുന്നത്. ജോലിയില്‍ ധാരാളം ഫ്‌ളെക്‌സിബിലിറ്റി ഉണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം, നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാം. അതിനാല്‍, ഓരോ വ്യക്തിയുടെയും ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം പരിശോധിക്കുന്നതിലല്ല കാര്യം. വ്യക്തികളെ അവരുടെ കഴിവുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുക എന്നതിലാണ് പ്രധാനം. തുടര്‍ന്ന് ആളുകള്‍ നേടിയ ലക്ഷ്യങ്ങള്‍ അവലോകനം ചെയ്യുക.'- ഐടിസി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന, ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് നിര്‍മ്മാണ കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സഞ്ജീവ് പുരിയുടെ പ്രതികരണം. ജീവനക്കാര്‍ വീട്ടില്‍ ഇരിക്കുന്നതിനുപകരം ഞായറാഴ്ചകളില്‍ ഉള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയത്.

'ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിപ്പിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. വീട്ടില്‍ ഇരുന്നുകൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് എത്രനേരം നിങ്ങളുടെ ഭാര്യയെ നോക്കി ഇരിക്കാന്‍ കഴിയും, ഭാര്യയ്ക്ക് ഭര്‍ത്താവിനെ എത്രനേരം നോക്കി ഇരിക്കാന്‍ കഴിയും.'- സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സുബ്രഹ്മണ്യത്തിന്റെ വിഡിയോയിലെ വാക്കുകളാണിവ.

'സുബ്രഹ്മണ്യന്റെ വാക്കുകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം, കമ്പനിയുടെ കാഴ്ചപ്പാടും ലക്ഷ്യവും ഉപയോഗിച്ച് ജീവനക്കാരെ ശാക്തീകരിക്കുക എന്നാണ് പ്രധാനം. ദര്‍ശനം, മൂല്യം, ചൈതന്യം എന്നിവയ്ക്കാണ് കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതിനാല്‍, സംരംഭത്തിന്റെ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം പരിശ്രമിക്കുന്നു. കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിന് ജീവനക്കാര്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നല്‍കുന്ന വിഭവങ്ങള്‍, പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം, ഞങ്ങള്‍ നല്‍കുന്ന ശാക്തീകരണം എന്നിവയിലൂടെ ചൈതന്യം പ്രാപ്തമാക്കുന്നു. ജീവനക്കാര്‍ക്ക് ലക്ഷ്യം നേടാന്‍ ഇവ ആവശ്യമാണ്. അതിനാല്‍ ഇവയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്'- അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com