
ന്യൂഡല്‍ഹി: ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് ലിക്വിഡേറ്റ് ചെയ്യാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ഉത്തരവ്. കടത്തില്‍ അകപ്പെട്ട കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആസ്തികള്‍ കണ്ടുകെട്ടി കടം വീട്ടാന്‍ നടപടി സ്വീകരിക്കുന്ന പ്രക്രിയയാണ് ലിക്വിഡേഷന്‍. ലിക്വിഡേഷന്‍ നടപടികളിലേക്ക് കടക്കുന്നതോടെ ഗോ ഫസ്റ്റ് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും 20 മാസത്തെ പാപ്പരത്ത നടപടികളുടെയും അവസാനമാകും.
2024 സെപ്റ്റംബറില്‍ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് എയര്‍ലൈനിനെ ലിക്വിഡേറ്റ് ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജുഡീഷ്യല്‍ അംഗം മഹേന്ദ്ര ഖണ്ഡേല്‍വാളും ടെക്‌നിക്കല്‍ അംഗം ഡോ. സഞ്ജീവ് രഞ്ജനും ഉള്‍പ്പെടുന്ന എന്‍സിഎല്‍ടി ബെഞ്ചും കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ ലിക്വിഡേഷനുള്ള അപേക്ഷ അനുവദിക്കുകയായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ലിക്വിഡേഷന്‍ നേരിടുന്ന രണ്ടാമത്തെ എയര്‍ലൈനായി ഗോ ഫസ്റ്റ് മാറി. 2024 നവംബറില്‍, ജെറ്റ് എയര്‍വേയ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ ലിക്വിഡേഷന്‍ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഗോ ഫസ്റ്റിന് മുന്നോട്ടുപോകാന്‍ പ്രായോഗികമായ ഒരു ആസ്തിയും അവശേഷിക്കുന്നില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്, എയര്‍ലൈന്‍ പുനരുജ്ജീവിപ്പിക്കാന്‍ താല്‍പ്പര്യം കാണിച്ച സ്ഥാപനങ്ങള്‍ അവരുടെ ബിഡ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ അനുവദിക്കണമെന്ന
പാട്ടക്കരാറുകാരുടെ ഹര്‍ജിയെത്തുടര്‍ന്ന്, ഗോ ഫസ്റ്റ് പാട്ടത്തിനെടുത്ത എല്ലാ വിമാനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് ഉത്തരവിട്ടിരുന്നു.
ഗോ ഫസ്റ്റിന് 6500 കോടി രൂപയുടെ കടബാധ്യതയുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ബാങ്ക് ഓഫ് ബറോഡയ്ക്കുമാണ് ഏറ്റവുമധികം കുടിശ്ശിക. വിമാനം പാട്ടത്തിന് നല്‍കിയവര്‍ക്ക് 2,000 കോടി രൂപയുടെയും ട്രാവല്‍ ഏജന്റുമാര്‍ക്ക് 600 കോടി രൂപയുടെയും റീഫണ്ടായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെയും കുടിശ്ശികയുണ്ട്. കോവിഡ്-19 മഹാമാരി സമയത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച അടിയന്തര ക്രെഡിറ്റ് സ്‌കീം പ്രകാരം ഗോ ഫസ്റ്റ് 1,292 കോടി രൂപ കടം വാങ്ങിയിരുന്നു.
താനെയിലെ 3,000 കോടി രൂപ വിലമതിക്കുന്ന 94 ഏക്കര്‍ ഭൂമി, മുംബൈയിലെ എയര്‍ബസ് പരിശീലന സൗകര്യം, കമ്പനിയുടെ ആസ്ഥാനം എന്നിവ ഗോ ഫസ്റ്റിന്റെ ശേഷിക്കുന്ന ആസ്തികളില്‍ ഉള്‍പ്പെടുന്നു. വാഡിയ കുടുംബം പ്രമോട്ട് ചെയ്ത ഗോ ഫസ്റ്റ്, പാപ്പരത്തത്തിനായി അപേക്ഷിച്ചതിന്റെ ഒരു ദിവസത്തിന് ശേഷം, 2024 മെയ് 3 ന് പറക്കല്‍ നിര്‍ത്തി.
പ്രാറ്റ് & വിറ്റ്നി (പി & ഡബ്ല്യു) എന്‍ജിനുകള്‍ വിതരണം ചെയ്യാത്തതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പകുതിയോളം സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്ന് ഗോ ഫസ്റ്റ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക