

മുംബൈ: ഉപരോധം ലംഘിച്ച് ഇറാന്റെ എല്‍പിജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ യുഎസ് അന്വേഷണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളില്‍ ( adani group) കനത്ത ഇടിവ്. ആരോപണം അദാനി ഗ്രൂപ്പ് തള്ളിയെങ്കിലും നിക്ഷേപകരുടെ വികാരം എതിരായിരുന്നു. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇത് ഓഹരി വിപണിയെയും മൊത്തത്തില്‍ ബാധിച്ചു. സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24500ലേക്കും താഴ്ന്നു.
അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സിന്റെ നിയന്ത്രണത്തിലുള്ളതും ഇന്ത്യയിലെ ഏറ്റവും വലിയ മേജര്‍ തുറമുഖവുമാണ് ഗുജറാത്തിലെ മുന്ദ്ര. അദാനിക്കെതിരെ യുഎസ് അന്വേഷണം തുടങ്ങിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ ഒരു തുറമുഖവും ഇറാനിയന്‍ ചരക്ക് കൈകാര്യം ചെയ്യുന്നില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
വിശദീകരണത്തിന് ശേഷവും നിരവധി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ഇടിവ് ഉണ്ടായി. അദാനി എന്റര്‍പ്രൈസസ് 1.94 ശതമാനം ഇടിഞ്ഞു. അദാനി പോര്‍ട്‌സ് 2.5 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍, അദാനി ഗ്രീന്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങള്‍ 1 ശതമാനം മുതല്‍ 2 ശതമാനം വരെയും ഇടിവ് നേരിട്ടു. ഇന്ത്യയില്‍ വൈദ്യുതി വിതരണക്കരാറുകള്‍ ലഭിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ നവംബറില്‍ യുഎസ് ഗവണ്‍മെന്റിന് കീഴിലെ നികുതി വകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്), യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (SEC) എന്നിവ എടുത്ത കേസിന്റെ അലയൊലികള്‍ വിട്ടൊഴിയും മുമ്പേയാണ് അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണം ഉയര്‍ന്നത്.
അദാനി ഗ്രൂപ്പ് കമ്പനികളിലെ ഇടിവിന് പുറമേ ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും എണ്ണവില ഉയരുന്നതും ഓഹരി വിപണിയെ ബാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates