

ഇനി കണ്ണൂർ ഫെനിയിൽ (Kannur Feni) ചിയേഴ്സ് പറയാം, നമ്മുടെ സ്വന്തം 'കണ്ണൂർ ഫെനി' ഔദ്യോഗികമായി പുറത്തിറങ്ങുന്നു! പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചു, അടുത്ത കശുവണ്ടി സീസണിൽ അത് വിപണിയിലെത്താൻ ഒരുങ്ങുകയാണ്. പ്രസിദ്ധമായ ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്താണ് ഈ നാടൻ പാനീയം നിർമ്മിക്കുന്നത്.
മേഖലയിലെ സമൃദ്ധമായ കശുവണ്ടി വിളവ് ഒരു സിഗ്നേച്ചർ സ്പിരിറ്റാക്കി മാറ്റാനുള്ള നിർദ്ദേശവുമായി 2016 ൽ സഹകരണ സംഘം സംസ്ഥാന സർക്കാരിനെ സമീപിച്ചപ്പോഴാണ് ഈ ആശയം ആദ്യമായി രൂപപ്പെട്ടത്. വർഷങ്ങളുടെ കാത്തിരിപ്പിനും 2022 ജൂണിൽ സർക്കാരിന്റെ ഔദ്യോഗിക അംഗീകാരത്തിനും ശേഷം, പദ്ധതി നിയന്ത്രണങ്ങൾ കാരണം നിർത്തിവച്ചു. ഇപ്പോൾ, നിയമസഭാ സബജ്ക്ട് കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്കുകൾ നിശ്ചയിക്കുകയും ചെയ്തതോടെ, ഒടുവിൽ കണ്ണൂർ ഫെനിക്ക് അനുമതിയായി.
"പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി സമൃദ്ധമാണ്. 1990-ൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് കണ്ണൂർ ഫെനി എന്ന ആശയം ഞാൻ മുന്നോട്ടുവച്ചത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു പിന്നീട്. എക്സൈസ് ലൈസൻസിനായി ഞങ്ങൾ അപേക്ഷിച്ചിട്ടുണ്ട്, എക്സൈസ് കമ്മീഷണർ അത് അനുവദിക്കാമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ ഉത്പാദനം ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.
ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം മാറ്റിവച്ചിട്ടുണ്ട്. "പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കും. ഒരു ലിറ്റർ ഫെനിയുടെ ഉൽപാദനച്ചെലവ് ഏകദേശം 200-250 രൂപയായി ഞങ്ങൾ കണക്കാക്കുന്നു. 100% എക്സൈസ് നികുതി ഏർപ്പെടുത്തിയതിനാൽ, 500-600 രൂപയ്ക്കിടയിൽ വില നിശ്ചയിക്കാനാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ജോഷി വിശദീകരിച്ചു.
എന്നാൽ, പേരിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല . "ഇതിനെ 'കണ്ണൂർ ഫെനി' എന്ന് വിളിക്കാനാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്, പക്ഷേ ഗോവയിൽ 'ഫെനി' എന്നതിന് പേറ്റന്റ് ഉള്ളതിനാൽ, ആ പദം ഉപയോഗിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധപുലർത്തേണ്ടതുണ്ട്. എക്സൈസ് അനുമതി ലഭിച്ചുകഴിഞ്ഞാൽ, ഈ വിഷയത്തിൽ നിയമോപദേശം തേടും," അദ്ദേഹം വ്യക്തമാക്കി.
കശുവണ്ടിയിൽ നിന്ന് മാത്രം വാറ്റിയെടുക്കാനേ ലൈസൻസ് അനുവദിക്കുന്നുള്ളൂ, സാധാരണയായി സീസൺ ഡിസംബർ മുതൽ മെയ് വരെയാണ്. ഈ സംരംഭത്തിലൂടെ, മേഖലയിലെ കശുവണ്ടി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്നതാണ് സഹകരണ സംഘത്തിന്റെ ലക്ഷ്യം.
'കണ്ണൂർ ഫെനി' ഷെൽഫുകളിലും ഗ്ലാസുകളിലും സ്ഥാനം നേടാൻ തയ്യാറായിരിക്കുന്നു. . കണ്ണൂരിലെ കശുവണ്ടി കർഷകർക്കും മദ്യപ്രേമികൾക്കും വേണ്ടി ഒരു പുതിയ അധ്യായത്തിന് തുടക്കമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
