ഇന്‍സ്റ്റാലേഷന് 33,000 രൂപ ചെലവ്; സ്റ്റാര്‍ലിങ്ക് സേവനം കൈപൊള്ളിക്കുമോ?, ഏകദേശ നിരക്ക് അറിയാം

പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിരിക്കുകയാണ്
Elon Musk’s Starlink gets satcom licence from the telecom department
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ( starlink)ഫയൽ
Updated on

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്കിന് (starlink) ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിരിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. നിലവിലുള്ള ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകളേക്കാള്‍ സ്റ്റാര്‍ലിങ്ക് നല്‍കാന്‍ പോകുന്ന സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് വില വളരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ ഇതിനകം സജീവമാണ്. ഈ വിപണികളിലെ അതിന്റെ വില സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം താരതമ്യേന ചെലവേറിയതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

മെയ് മാസത്തില്‍, സ്റ്റാര്‍ലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് ബംഗ്ലാദേശില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യന്‍ രൂപ അനുസരിച്ച് 3000 മുതല്‍ 3150 രൂപ വരെയാണ്.

കൂടാതെ പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് കുറഞ്ഞ ഉപയോഗമുള്ള ചെറിയ വീടുകള്‍ക്ക് അനുയോജ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് റെസിഡന്‍ഷ്യല്‍ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതല്‍ 4,500 വരെയാണ് വില വരിക. സാധാരണ ഗാര്‍ഹിക ഉപയോഗത്തിന് പരിധിയില്ലാത്ത ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കണക്ഷന്‍ സ്ഥാപിക്കുന്നതിന് ഹാര്‍ഡ്വെയര്‍ ചെലവ് ഇനത്തില്‍ 33,000 മുതല്‍ 39,000 രൂപ വരെ ഒറ്റത്തവണയായി ബംഗ്ലാദേശിലെ ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്.ഈ ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ഇപ്പോഴും ചെലവേറിയതായിരിക്കും.

ഇന്ത്യയില്‍, മിക്ക ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഏകദേശം 1,000 രൂപയാണ് ഒറ്റത്തവണ ഇന്‍സ്റ്റാലേഷന്‍ ഫീസ് ആയി ഈടാക്കുന്നത്. അതേസമയം പ്രതിമാസ ചാര്‍ജുകള്‍ 699 മുതല്‍ 999 രൂപ വരെയാണ്. ഇതിന് പുറമേ പരിധിയില്ലാത്ത അതിവേഗ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാര്‍ലിങ്ക് 50 മുതല്‍ 200 Mbps വരെയുള്ള ബ്രോഡ്ബാന്‍ഡ് വേഗത വാഗ്ദാനം ചെയ്യുന്നു.

ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാതെയാണ് ഈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. മറ്റുരാജ്യങ്ങളിലെ കമ്പനിയുടെ തന്ത്രത്തിന് സമാനമായ രീതിയില്‍ തന്നെയാണ് ഇന്ത്യയിലെ വിലനിര്‍ണയ രീതി. ബംഗ്ലാദേശിലും ഭൂട്ടാനിലും സമാനമായ വിലയാണ് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ക്കുള്ളത്. കമ്പനിയുടെ ഏകീകൃത സമീപനം ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 100-ലധികം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനക്ഷമമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com