
കൊച്ചി: പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരുടെ ക്ഷാമം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. നാളികേര വികസന ബോര്‍ഡിന്റെ ഡാറ്റാബേസ് അനുസരിച്ച്, 12 വര്‍ഷത്തിനിടെ ഏകദേശം 32,925 പേര്‍ക്കാണ് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയത്. ഇതില്‍ 673 പേര്‍ മാത്രമാണ് നിലവില്‍ ഫീല്‍ഡില്‍ ഉള്ളൂ. ഇത്തരം ആശങ്കകള്‍ വൈകാതെ തന്നെ പഴയ കാര്യമായി മാറാം. കോഴിക്കോട് നിന്നുള്ള യുവാക്കള്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രം മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
നാല് യുവാക്കള്‍ വികസിപ്പിച്ചെടുത്ത കൊക്കോ-ബോട്ട് എന്ന തേങ്ങയിടല്‍ യന്ത്രം സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രമാണ്. പുതിയ എഐ തേങ്ങയിടല്‍ യന്ത്രം, ഇതിനോടകം ജനപ്രിയ പാരച്യൂട്ട് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മാരിക്കോ ലിമിറ്റഡ് പോലുള്ള ചില പ്രധാന കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊക്കോ-ബോട്ട് വിപണിയിലെ മറ്റ് തെങ്ങുകയറ്റ റോബോട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്.
'എന്റെ കുളിമുറിയില്‍ വച്ചാണ് ആശയം ജനിച്ചത്'- ആള്‍ട്ടര്‍സേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ആഷിന്‍ പി കൃഷ്ണ പറയുന്നു. '2020 ല്‍ ഞാന്‍ കുളിക്കുന്നതിനിടെയാണ് ആ ആശയം ഉയര്‍ന്നുവന്നത്. അന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ കഴിയാത്തതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നതിനിടയിലായിരുന്നു അത്. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഒരു എയര്‍ കണ്ടീഷണറാണ് വികസിപ്പിച്ചത്, അത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചു. എന്നാല്‍ ആ വര്‍ഷത്തെ വിഷയം കാര്‍ഷിക മേഖലയിലെ നവീകരണമായിരുന്നു. അതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ അതേ എയര്‍ കണ്ടീഷണര്‍ ചൈനയില്‍ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ സെമി ഫൈനലില്‍ എത്തി. പ്രോത്സാഹന സമ്മാനമായി ഞങ്ങള്‍ക്ക് ഒരു റോബോട്ടിക് ടാങ്കിന്റെ ചേസിസും ലഭിച്ചു. ഞാന്‍ ബാത്ത്‌റൂമില്‍ വെന്റിലേഷനില്‍ നിന്ന് പുറത്തേക്ക് നോക്കി അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കാര്‍ഷിക മേഖലയ്ക്കായി ഒരു നൂതന പദ്ധതി തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് എന്റെ കുളിമുറിക്ക് പുറത്തുള്ള തെങ്ങ് ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ എന്റെ മനസില്‍ ഒരു പുതിയ ആശയം ഉദിച്ചു. തെങ്ങില്‍ കയറി തേങ്ങയിടാന്‍ കഴിയുന്ന ഒരു ഭാവി റോബോട്ട് നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു,'- 23 വയസ് മാത്രമുള്ള ആഷിന്‍ പറയുന്നു.
ആഷിന്‍ തന്റെ ടീമിനെ വിളിച്ചുകൂട്ടി ഒരു വര്‍ഷത്തോളം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. '2021 ല്‍ ഒരു പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2023 ല്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ ആശയം അവതരിപ്പിച്ചതിന് പിന്നാലെ ഫണ്ട് ലഭിച്ചു. അതേ വര്‍ഷം, സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ ഹാക്കത്തണ്‍ വൈഗയില്‍ ഈ ആശയം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ ഒന്നാം സമ്മാനം നേടി,'- ആഷിന്‍ പറയുന്നു.
ഹാക്കത്തോണിന്റെ വിജയത്തെത്തുടര്‍ന്ന്, റോബോട്ട് നബാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'നബാര്‍ഡിന്റെ ജില്ലാ വികസന മാനേജര്‍മാരായ റിയാസ് മുഹമ്മദും രാകേഷ് വിയും ഞങ്ങളെ ബന്ധപ്പെടുകയും ഫണ്ട് നല്‍കുകയും ചെയ്തു. വടകര കൊക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാന്‍ പ്രൊഫ. ഇ ശശീന്ദ്രനും വൈസ് ചെയര്‍മാന്‍ കെ സദനാഥനും മുന്നോട്ടുള്ള യാത്രയില്‍ വലിയ പിന്തുണ നല്‍കി,'- ആഷിന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവയെ അപേക്ഷിച്ച് കൊക്കോ-ബോട്ടിന് നിരവധി ഗുണങ്ങളുണ്ട്. 'മൂത്ത തേങ്ങയാണോ എന്ന് തിരിച്ചറിയാനും തേങ്ങയിടാനും എഐ സാങ്കേതികവിദ്യ ഇതിനെ പ്രാപ്തമാക്കുന്നു. നിലവില്‍, കൊക്കോ-ബോട്ട് സെമി-ഓട്ടോമാറ്റിക് ആണ്. എന്നാല്‍ ഞങ്ങളുടെ അന്തിമ ഉല്‍പ്പന്നം പൂര്‍ണ്ണമായും യാന്ത്രികമായിരിക്കും. മറ്റ് യന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊക്കോ-ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മതി. മറ്റുള്ളവ കൈകാര്യം ചെയ്യാന്‍ മൂന്നിലധികം ആളുകള്‍ വേണ്ടി വരും' -അദ്ദേഹം പറയുന്നു.
'റോബോട്ടിന് 10 കിലോഗ്രാം ഭാരമുണ്ട്. കൂടാതെ ചരിഞ്ഞതോ വളഞ്ഞതോ ആയ തെങ്ങുകളില്‍ കയറി തേങ്ങയിടുന്നതിന് ഇതിന് ഒരു പ്രശ്‌നവുമില്ല. ലോക്കിംഗ് സംവിധാനം സജീവമാകാന്‍ അഞ്ച് സെക്കന്‍ഡ് മാത്രമേ എടുക്കൂ,'- ആഷിന്‍ കൂട്ടിച്ചേര്‍ത്തു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ റാഫ്താര്‍ അഗ്രി-ബിസിനസ് ഇന്‍കുബേറ്ററില്‍ നിന്ന് ഫണ്ട് ലഭിച്ച സ്റ്റാര്‍ട്ട്അപ്പിന് കൊച്ചിയിലെ കളമശ്ശേരിയിലുള്ള 'maker village' ൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക