
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വരുന്നു. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇന്ത്യയില്‍ എത്തുന്നത്.
സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ടതായി എയര്‍ടെല്‍ സ്ഥിരീകരിച്ചു. വിവിധ ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ വളരെക്കാലമായി സ്റ്റാര്‍ലിങ്ക് ശ്രമിച്ചു വരികയാണ്.
സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് നെറ്റ് വർക്ക് വഴി ഗ്രാമപ്രദേശങ്ങള്‍, സ്‌കൂളുകള്‍, ബിസിനസുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നത് പോലുള്ള വിവിധ സാധ്യതകള്‍ തേടുന്നതിനായാണ് എയര്‍ടെല്ലുമായി സഹകരിക്കാന്‍ സ്റ്റാര്‍ലിങ്ക് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലുടനീളം സ്റ്റാര്‍ലിങ്ക് സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ സാധ്യത തേടുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്ലുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. എയര്‍ടെല്ലിന്റെ റീട്ടെയില്‍ നെറ്റ്വര്‍ക്ക് വഴി സ്റ്റാര്‍ലിങ്ക് സേവനം വാഗ്ദാനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതിന് പുറമേ എയര്‍ടെല്ലിന്റെ നിലവിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പൂരകമായി സാറ്റലൈറ്റ് സേവനം കൂടി എങ്ങനെ നല്‍കാന്‍ കഴിയും എന്നതും പരിശോധിക്കാനും ഇരു കമ്പനികളും ആലോചിക്കുന്നുണ്ട്. പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളില്‍ എത്തിച്ചേരുക എന്നതാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വാഷിംഗ്ടണില്‍ ഇലോണ്‍ മസ്‌കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. എന്നിരുന്നാലും, ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിന് മുമ്പ് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്കിന് അന്തിമ ലൈസന്‍സുകള്‍ നേടേണ്ടതുണ്ട്.
സ്റ്റാര്‍ലിങ്ക് എന്താണ്?
സ്പേസ് എക്സിന്റെ ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പ്രോജക്റ്റാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വിശാലമായ ശൃംഖലയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. പരമ്പരാഗത കേബിള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിദൂരവും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ പ്രദേശങ്ങളില്‍ വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആക്സസ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികളെ മറികടന്ന് ഡാറ്റയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് ഉപയോക്താക്കളെ ബന്ധിപ്പിച്ചാണ് സേവനം പ്രവര്‍ത്തിക്കുന്നത്. സേവനം ഇതിനകം നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. കൂടാതെ മികച്ച ആഗോള കവറേജിനായി അതിന്റെ സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ഇന്ത്യക്കാര്‍ക്ക് എന്ത് പ്രതീക്ഷിക്കാം?
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് 25 മുതല്‍ 220 Mbps വരെയും അപ്ലോഡ് വേഗത 5 മുതല്‍ 20 Mbps വരെയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, വെര്‍ച്വല്‍ മീറ്റിംഗുകള്‍ തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ സേവനം നല്‍കാനാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്. എയര്‍ടെല്ലുമായുള്ള പങ്കാളിത്തം വിശാലമായ ആക്സസിനുള്ള സാധ്യതയും ഉയര്‍ത്തുന്നു. പ്രത്യേകിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കുറവുള്ള ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയും എയര്‍ടെല്ലുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക