
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, നിങ്ങള്‍ക്കും ഉറപ്പാക്കാം സ്ഥിരമായൊരു പെന്‍ഷന്‍ വരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ പെന്‍ഷന്‍ യോജനയുടെ (എ.പി.വൈ) വരിക്കാര്‍ക്ക് 60 വയസിന് ശേഷം എല്ലാ മാസവും 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഈ പെന്‍ഷന്‍ പദ്ധതിക്ക് വേറെയും ഗുണങ്ങളുണ്ട്.
നിങ്ങളുടെ തൊഴില്‍ ഏതുമാകട്ടെ, 18നും 40നും ഇടയിലാണ് പ്രായമെങ്കില്‍ പദ്ധതിയില്‍ ചേരാം. ഒരാള്‍ക്ക് 40 വയസു തികയുന്ന അന്ന് വരെ ചേരാം. ഉദാഹരണത്തിന് നിങ്ങളുടെ 40 ആം പിറന്നാള്‍ 2025 ഒക്ടോബര്‍ 13ന് ആണെങ്കില്‍ അന്നു വരെ പദ്ധതിയില്‍ അംഗമാകാം. പിറ്റേന്ന് മുതല്‍ പറ്റില്ല.
ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എന്‍.പി.എസ് പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും അംഗമാകാം. പക്ഷെ ആരും ആദായ നികുതി അടയ്ക്കുന്നവരാകരുത്.
എത്ര നിക്ഷേപിക്കണം?
പെന്‍ഷന്‍ ലഭിക്കാനായി 60 വയസ് വരെ നിങ്ങള്‍ നിശ്ചിത തുക നിക്ഷേപിക്കണം. നിങ്ങള്‍ അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ച് 1000, 2000, 3000, 4000, 5000 രൂപ എന്നീ നിരക്കുകളില്‍ പെന്‍ഷന്‍ ലഭിക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റീഡ് പെന്‍ഷനാണ്; എന്നു വച്ചാല്‍ അറുപത് വയസിന് ശേഷം, ജീവിതകാലം മുഴുവന്‍, എല്ലാ മാസവും നിങ്ങള്‍ക്ക് ഈ തുക ലഭിക്കും. വിദേശ മലയാളികള്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്.
ചെറിയ പ്രായത്തില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ ചെറിയ തുക മാസം തോറും അടച്ചാല്‍ മതിയാകും. ഉദാഹരണത്തിന് 25 വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ 5000 രൂപ പെന്‍ഷന്‍ കിട്ടാനായി മാസം തോറും 301 രൂപ അടച്ചാല്‍ മതിയാകും. എന്നാല്‍ 39 വയസിലാണ് ചേരുന്നതെങ്കില്‍ 5000 രൂപ പെന്‍ഷനായി 1054 രൂപ മാസം അടയ്ക്കണം.
പദ്ധതിയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കേണ്ടി വരും, തവണകള്‍, പെന്‍ഷന്‍ തുക എന്നിവയറിയാന്‍ ചാര്‍ട്ട് നോക്കുക.
അംഗമാകാന്‍ എന്ത് ചെയ്യണം?
പദ്ധതിയില്‍ അംഗമാകാന്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. ആദായ നികുതി അടക്കുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. പക്ഷെ പദ്ധതിയില്‍ അംഗമായിരിക്കെ നിങ്ങള്‍ എന്നെങ്കിലും ആദായ നികുതി അടച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടിനെ ബാധിക്കില്ല.
നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിര്‍ദേശം നല്കുന്നതനുസരിച്ച് മാസം തോറുമോ മൂന്ന് മാസം അല്ലെങ്കില്‍ ആറു മാസം കൂടുമ്പോഴോ തുക താനെ പെന്‍ഷന്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിക്കോളും. e-APY ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയും പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്.
വളരുന്ന പെന്‍ഷന്‍ ഫണ്ട്
നിങ്ങള്‍ അടക്കുന്ന നിക്ഷേപ തുക കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു. 60 വയസാകുമ്പോഴേക്കും ഇതിന്റെ പലിശയുള്‍പ്പെടെയുള്ള ഉയര്‍ന്ന ഒരു തുകയാകും നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടാവുക.
തവണകള്‍ മുടങ്ങിയാല്‍?
പദ്ധതിയില്‍ അംഗമായിരിക്കെ നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായെന്നിരിക്കട്ടെ. നിക്ഷേപ തുക കുറയ്ക്കാനായി എല്ലാ വര്‍ഷവും അവസരം കിട്ടും. ഇങ്ങനെ മാറ്റിയ തുക ജൂലായ് മുതലാണ് പ്രാബല്യത്തില്‍ വരുക. ഇനി തവണകള്‍ മുടങ്ങിയാലും ഒരിക്കലും അക്കൗണ്ട് ക്ലോസ് ആകില്ല. മുടക്കിയ തവണകള്‍ അടച്ച്, കൂടെ ചെറിയ പിഴയുമൊടുക്കി അംഗത്വം സജീവമാക്കാം.
ഇനി നിങ്ങളുടെ വരുമാനം കൂടുമ്പോള്‍ നിക്ഷേപം കൂട്ടി ഉയര്‍ന്ന പെന്‍ഷന്‍ ആക്കണമെങ്കിലും ഈയവസരം പ്രയോജനപ്പെടുത്താം.
വരിക്കാരന്‍ മരിച്ചാല്‍?
പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരുന്ന വരിക്കാരന്‍ മരിച്ചാല്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് അതേ നിരക്കില്‍ അവരുടെ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. വരിക്കാരന്‍ മരിച്ച ശേഷം പെന്‍ഷന്‍ ലഭിച്ചിരുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവും മരിച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ ഉള്ള തുക (60 വയസില്‍ വരിക്കാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക) നോമിനിക്ക് ലഭിക്കും
അവിവാഹിതരായ ആളുകള്‍ക്ക് മറ്റൊരു വ്യക്തിയെ നോമിനി ആയി നിശ്ചയിക്കാവുന്നതാണ്. വിവാഹിതരാണെങ്കില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ആണ് നോമിനി.
വരിക്കാരന്‍ 60 വയസ് തികയുന്നതിന് മുന്‍പ് മരിച്ചാല്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പേരില്‍ പുതിയൊരു പെന്‍ഷന്‍ അക്കൗണ്ട് നിലവില്‍ വരും. മരിച്ചു പോയ ആള്‍ അതെ വരെ അടച്ചിട്ടുള്ള തുക ഇതിലേക്ക് മാറ്റപ്പെടും. തുടര്‍ന്ന് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ചയാള്‍ അതേ തുക നിക്ഷേപിക്കണം. മരിച്ചയാള്‍ക്ക് 60 വയസ് തികയുമായിരുന്ന അന്ന് മുതല്‍ പങ്കാളിക്ക് പെന്‍ഷന്‍ ലഭിക്കും. (പങ്കാളിയുടെ പ്രായമല്ല ഇവിടെ പരിഗണിക്കുന്നത്).
നോമിനിക്ക് കിട്ടുന്ന തുക
പ്രതിമാസം 1000 രൂപ നിരക്കില്‍ നിക്ഷേപം നടത്തിയ വരിക്കാരന്‍ മരിച്ചാല്‍ നോമിനിക്ക് ഏകദേശം 1.7 ലക്ഷ രൂപ ലഭിക്കും. 2000 രൂപക്ക് ഏകദേശം 3.4 ലക്ഷം രൂപ, 3000 രൂപക്ക് 5.1 ലക്ഷം, 4000 രൂപക്ക് 6.8 ലക്ഷം, 5000 രൂപക്ക് 8.5 ലക്ഷം എന്നിങ്ങനെ ലഭിക്കും.
മൊബൈല്‍ ആപ്പ്
എ പി വൈ മൊബൈല്‍ ആപ്പിലൂടെ നിങ്ങളുടെ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങള്‍, നിക്ഷേപ തുകയും വളര്‍ച്ചയുമൊക്കെ ട്രാക്ക് ചെയ്യാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ