

കൊച്ചി: ചൈന, യുഎസ്, യുകെ, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നി രാജ്യങ്ങള്‍ ലഹരിവസ്തുക്കളില്‍ നിന്ന് പിന്തിരിയുമ്പോള്‍ ഇന്ത്യയില്‍ മദ്യത്തോടുള്ള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ മെക്‌സിക്കോയും ബ്രസീലും ഇന്ത്യയും മാത്രമാണ് ആഗോളതലത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടും ഇതിന് വീപരീതമായ ദിശയില്‍ സഞ്ചരിക്കുന്നതെന്നും മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ഡേറ്റ കൈകാര്യം ചെയ്യുന്ന ആഗോള സംഘടനയായ ഐഡബ്ല്യൂഎസ്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മദ്യത്തോടുള്ള വര്‍ധിച്ച് വരുന്ന ആസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. നിലവില്‍ രാജ്യത്ത് മദ്യ വിപണിക്ക് വളരാന്‍ നിരവധി സാധ്യതകളുണ്ട്. നിലവില്‍ മറ്റു ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോഗമാണ്. കൂടാതെ അനുകൂലമായ ജനസംഖ്യാ പ്രവണതകള്‍, ജനസംഖ്യയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന എന്നിവയെല്ലാം മദ്യവിപണിയുടെ സാധ്യതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം 2005ലെ 1.3 ലിറ്ററില്‍ നിന്ന് 2022 ല്‍ 3.1 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മദ്യത്തിന്റെ പ്രതിവര്‍ഷ ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായിട്ടും ആഗോള ശരാശരിയേക്കാള്‍ താഴെയാണ്.
ഐഡബ്ല്യൂഎസ്ആര്‍ ഡാറ്റ അനുസരിച്ച്, 2018 നും 2023 നും ഇടയില്‍ ഇന്ത്യയിലെ മദ്യത്തിന്റെ അളവില്‍ രണ്ടു ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. ബ്രസീലിലെയും മെക്‌സിക്കോയിലെയും വളര്‍ച്ചാനിരക്കിന് സമാനമാണിത്. എന്നാല്‍ 2022-2023ല്‍ മദ്യത്തിന്റെ അളവില്‍ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് അഞ്ചുശതമാനമായി വര്‍ധിച്ചു. ഇത് 2018-2023 ലെ നിരക്കിനെ മറികടന്നിരിക്കുകയാണ്. 2018-2023 കാലയളവിനെ അപേക്ഷിച്ച് 2023-2028ല്‍ ഉൽപ്പാദനവും ഇറക്കുമതിയുമായി മദ്യത്തിന്റെ അളവ് ഇരട്ടിയായി വാര്‍ഷിക വളര്‍ച്ചാനിരക്ക് നാലു ശതമാനമായി ഉയരുമെന്നും ഏജന്‍സി പ്രവചിക്കുന്നു.
വിലകുറഞ്ഞ മദ്യവുമായി നിരവധി പ്രാദേശിക കമ്പനികള്‍ രംഗത്തുവന്നതാണ് രാജ്യത്തെ മദ്യവില്‍പ്പന വര്‍ധിക്കാന്‍ ഒരു കാരണം. കൂടാതെ ഔപചാരിക മദ്യവിപണിക്ക് പുറത്തായിരുന്ന പല സ്ഥാപനങ്ങളും വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ മദ്യം വാഗ്ദാനം ചെയ്യുന്നതും വളര്‍ച്ചയെ സ്വാധീനിച്ചതായും ഐഡബ്ല്യൂഎസ്ആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2022ല്‍ ഇന്ത്യയുടെ മദ്യവിപണിയുടെ വലിപ്പം ഏകദേശം 310 കോടി ലിറ്ററായിരുന്നു. ഇതില്‍ ഏകദേശം 92 ശതമാനവും വാറ്റിയെടുത്ത മദ്യമായിരുന്നു. ലോകത്തെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ് ഇന്ത്യ.
അതിനിടെ ആഗോളതലത്തില്‍ 'പീക്ക് ഓയില്‍' പോലെ ഒരു 'പീക്ക് ആല്‍ക്കഹോള്‍' പ്രതിഭാസം സംഭവിക്കുന്നതാകാം ഉപഭോഗം കുറയാന്‍ കാരണമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ അവബോധം കാരണം ഈ രാജ്യങ്ങളിലെ യുവതലമുറ ഇടയ്ക്കിടെ മദ്യപിക്കുന്നതിനോ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനോ ഇഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2013ല്‍ ഒരു വ്യക്തിയുടെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം അഞ്ചുലിറ്റര്‍ ആയിരുന്നു.ഇത് 2023ല്‍ 3.9 ലിറ്ററായി കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ മൊത്തം ആഗോള മദ്യ ഉപഭോഗം പാരമ്യത്തിലെത്തി. 2540 കോടി ലിറ്ററായിട്ടാണ് വര്‍ധിച്ചത്. അതിനുശേഷം മദ്യ ഉപഭോഗം ഏകദേശം 13 ശതമാനം കുറഞ്ഞുവെന്നും ഡാറ്റ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates