
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തവ്യാപാര വിപണിയായ ആസാദ്പൂര്‍ മണ്ടി തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്താന്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് തുര്‍ക്കി സ്വീകരിച്ചത്. നിലവിലെ നയതന്ത്ര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വ്യാപാരികളുടെ തീരുമാനം.
തുര്‍ക്കിയില്‍ നിന്നുള്ള എല്ലാ ആപ്പിളുകളുടെയും ഇറക്കുമതി നിര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് ആസാദ്പൂര്‍ ഫ്രൂട്ട് മണ്ടി ചെയര്‍മാന്‍ മീത്ത റാം കൃപ്ലാനി പറഞ്ഞു. നേരത്തെ ഓര്‍ഡര്‍ നല്‍കിയ ചരക്കുകള്‍ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും തുടര്‍ന്ന് അങ്ങോട്ട് തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിളിന്റെയും മറ്റു ഉല്‍പ്പന്നങ്ങളുടെയും വ്യാപാരം വേണ്ടെന്നാണ് തീരുമാനം. സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. ഭാവിയില്‍ പുതിയ ഓര്‍ഡറുകള്‍ നല്‍കില്ലെന്നും കൃപ്ലാനി കൂട്ടിച്ചേര്‍ത്തു.
ആസാദ്പൂര്‍ മണ്ടി വളരെക്കാലമായി തുര്‍ക്കി ആപ്പിളിന് മുന്‍ഗണന നല്‍കിയിരുന്നു. 2024ല്‍ 1.16 ലക്ഷം ടണ്‍ ആപ്പിളാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയോടുള്ള തുര്‍ക്കിയുടെ സമീപനം നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'വര്‍ഷങ്ങളായി ഞങ്ങള്‍ തുര്‍ക്കി വ്യാപാരത്തെ പിന്തുണച്ച് വരികയാണ്. പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലാതാക്കിയിരിക്കുന്നു. വരും മാസങ്ങളില്‍ ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നതിന് ബദല്‍ വിതരണക്കാരെ അന്വേഷിക്കും. മാണ്ടിയുടെ സോഴ്സിങ് തന്ത്രത്തില്‍ ഈ നീക്കം ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തും'- അദ്ദേഹം പറഞ്ഞു.തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും വിപണനവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലുടനീളമുള്ള വ്യാപാരികള്‍ പ്രതിഷേധത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ