

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇന്ന് തീരുമാനമായില്ലെങ്കിൽ പ്രഖ്യാപനം ചൊവ്വാവ്ച വരെ നീളുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ നാല് വ്യാഴാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന തീയതി.
ആന്ധ്രയിലെ വിജയവാഡ, അനന്തപുർ എന്നിവിടങ്ങളിൽ രാഹുൽ ഇന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്. ആന്ധ്രയയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയും രാഹുലിനൊപ്പമുണ്ടാകും. വയനാട്ടിൽ മത്സരിക്കണമെന്ന കേരള നേതൃത്വത്തിന്റെ താത്പര്യം രാഹുലിനോട് അദ്ദേഹം ആവർത്തിക്കുമെന്നാണ് അറിയുന്നത്.
ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നെങ്കിൽ കർണാടകത്തിൽ മത്സരിക്കുന്നതാവും നല്ലതെന്ന് യുപിഎയിലെ ഘടക കക്ഷികൾ നിർദേശിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് ഇതു കരുത്തപരുമെന്നാണ് വാദം. വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം രാഹുലിനെ ധരിപ്പിച്ചത് എൻസിപി നേതാവായ ശരദ് പവാർ ആയിരുന്നു.
രാഹുലിന്റെ തീരുമാനം വൈകുന്നതിൽ സംസ്ഥാന നേതൃത്വത്തിലെ മിക്കവർക്കും അതൃപ്തിയുണ്ട്. പ്രഖ്യാപനം വൈകിയാൽ പ്രചാരണത്തിന് മൂന്നാഴ്ച തികച്ചു കിട്ടില്ലെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുൽ വന്നാൽ ഈ പ്രതിസന്ധി മറികടക്കാമെങ്കിലും ഇങ്ങനെ മുൾമുനയിൽ നിർത്തുന്നതിലാണ് നീരസം. എന്നാൽ അവ്യക്തതയ്ക്കൊടുവിൽ രാഹുൽ എത്തുകയാണെങ്കിൽ വോട്ടർമാർക്കിടയിൽ വലിയ തിരയിളക്കം ഉണ്ടാക്കുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates