

ന്യൂഡല്‍ഹി: അടുത്തിടെയാണ് 10,000mAhല്‍ കൂടുതല്‍ ശേഷിയുള്ള ബാറ്ററിയോട് കൂടിയ സ്മാര്‍ട്ട്ഫോണ്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി അവതരിപ്പിച്ചത്. ഇപ്പോള്‍ ഒരു പ്രൊമോഷണല്‍ പോസ്റ്ററില്‍ ഈ ഹാന്‍ഡ്സെറ്റ് 15,000mAh ബാറ്ററിയുമായി എത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.
ഓഗസ്റ്റ് 27 ന് ആഗോളതലത്തില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു കണ്‍സെപ്റ്റ് ഫോണായിരിക്കാം. വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും ഇത് ഒരു സാധാരണ സ്മാര്‍ട്ട്ഫോണ്‍ പോലെ തന്നെയാണ് തോന്നുന്നത്. ഈ വര്‍ഷം ആദ്യം കമ്പനി അവതരിപ്പിച്ച സിലിക്കണ്‍-ആനോഡ് സാങ്കേതികവിദ്യയായിരിക്കും ഫോണ്‍ ഉപയോഗിക്കുക. റിയല്‍മി GT 7 ന്റെ ചൈനീസ് വേരിയന്റില്‍ 7,200mAh ബാറ്ററിയാണ് ഉള്ളത്. ഇതാണ് നിലവിലുള്ള ഏറ്റവും വലിയ ബാറ്ററി.
വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ 15,000mAh ബാറ്ററി ഉണ്ടായിരിക്കുമെന്ന് റിയല്‍മിയുടെ പുതിയ ടീസര്‍ സ്ഥിരീകരിക്കുന്നു. അതിന്റെ പിന്‍ കവറില്‍ '15000mAh' എന്ന വാചകം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇതൊരു കണ്‍സെപ്റ്റ് ഫോണ്‍ ആയതിനാല്‍, സമീപഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമായേക്കില്ല. സ്മാര്‍ട്ട്ഫോണിലെ 15,000mAh ബാറ്ററി ഒറ്റ ചാര്‍ജില്‍ 50 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് റിയല്‍മി അവകാശപ്പെടുന്നു. ഒറ്റ ചാര്‍ജില്‍ അഞ്ച് ദിവസത്തിലധികം ഉപയോഗവും ഇത് നല്‍കുമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഓഗസ്റ്റ് 27 ന് 10,000mAhല്‍ കൂടുതല്‍ ശേഷിയുള്ള ഫോണ്‍ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞത്. മെയ് മാസത്തിലാണ് 10 ശതമാനം സിലിക്കണ്‍ അനുപാതമുള്ള ''അള്‍ട്രാ-ഹൈ സിലിക്കണ്‍-കണ്ടന്റ് ആനോഡ് ബാറ്ററി'' അടങ്ങുന്ന കണ്‍സെപ്റ്റ് ഫോണ്‍ റിയല്‍മി പുറത്തിറക്കിയത്. 10,000mAh ശേഷിയാണ് ഫോണിനുള്ളത്. ഇത് സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് അവകാശപ്പെടുന്നു.
10,000mAh ബാറ്ററിയുള്ള റിയല്‍മി കണ്‍സെപ്റ്റ് ഫോണ്‍ 'മിനി ഡയമണ്ട്' ആര്‍ക്കിടെക്ചറും 320W ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയും ഉള്‍ക്കൊള്ളുന്നു. ഹാന്‍ഡ്സെറ്റിന് സെമി-ട്രാന്‍സ്പരന്റ് ബാക്ക് ഉണ്ട്. 8.5mm കനവും 200 ഗ്രാമില്‍ കൂടുതല്‍ ഭാരവുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച റിയല്‍മിയുടെ 320W സൂപ്പര്‍സോണിക് ചാര്‍ജ് സാങ്കേതികവിദ്യ വെറും നാല് മിനിറ്റും 30 സെക്കന്‍ഡും കൊണ്ട് ഒരു സ്മാര്‍ട്ട്ഫോണ്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
