

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് തങ്ങളുടെ അടുത്ത ഗാലക്സി എ സീരീസ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗാലക്‌സി എ27 ഫോണ്‍ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ തീയതി സംബന്ധിച്ച് കമ്പനി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.
മിഡ്-റേഞ്ച് ഫോണുകള്‍ വാങ്ങുന്നവര്‍ക്കായി നാല് കളര്‍ ഓപ്ഷനുകളോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഓസം ബ്ലാക്ക് (Aweosme Black), ഓസം ബ്ലൂ (Aweosme Blue), ഓസം മിന്റ് (Aweosme Mint), ഓസം പിങ്ക് (Aweosme Pink) എന്നി നാലു കളറുകളാണ് വാഗ്ദാനം ചെയ്യുക. ബ്ലാക്ക്, ബ്ലൂ, പിങ്ക് നിറങ്ങള്‍ നേരത്തെയുള്ള ടീസറുകളില്‍ കണ്ടിട്ടുണ്ടെങ്കിലും പതിവ് നിറങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിന്റ് ഓപ്ഷന്‍ ഒരു പുതിയ അനുഭവം നല്‍കുമെന്നാണ് കമ്പനി കരുതുന്നത്.
ഫോണിന്റെ രൂപകല്‍പ്പന സാംസങ്ങിന്റെ പതിവ് ശൈലിയിലുള്ളതാണ്. ഫ്‌ലാറ്റ് അരികുകള്‍, മുന്നില്‍ പഞ്ച്-ഹോള്‍ കാമറ, പിന്നില്‍ ലംബമായി ക്രമീകരിച്ചിരിക്കുന്ന ട്രിപ്പിള്‍ കാമറ എന്നിവ പ്രതീക്ഷിക്കാം. മുന്‍ എ സീരീസ് മോഡലുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഡിസൈന്‍ വളരെ ലളിതവും ഭംഗിയുള്ളതുമാണ്.
ഫോണില്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (Full HD+) ഡിസ്പ്ലേ പ്രതീക്ഷിക്കാം. ഇതിലെ 120Hz റീഫ്രഷ് റേറ്റ് ഗെയിമിങ്ങിനും സ്‌ക്രോളിങ്ങിനും മികച്ച അനുഭവം നല്‍കും. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന. ഇത് കഴിഞ്ഞ വര്‍ഷത്തെ മോഡലിനേക്കാള്‍ വേഗതയേറിയ പെര്‍ഫോമന്‍സും മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.
കാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 മെഗാപിക്‌സല്‍ പ്രധാന കാമറയായിരിക്കും ഫോണില്‍ ഉണ്ടാവുക. ഇത് കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സഹായിക്കും. കൂടാതെ, പതിവുപോലെ 25W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ടാകും. അതിനാല്‍ ഫോണ്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാനാകും.
ആന്‍ഡ്രോയിഡ് 16 അധിഷ്ഠിതമായ സാംസങ്ങിന്റെ വണ്‍ യുഐ 8.5 (One UI 8.5) സോഫ്റ്റ്വെയറിലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കായി, വര്‍ഷങ്ങളോളം ആന്‍ഡ്രോയിഡ് അപ്ഗ്രേഡുകളും കൃത്യമായ സെക്യൂരിറ്റി പാച്ചുകളും സാംസങ് ഉറപ്പുനല്‍കുന്നുണ്ട്. 8GB റാം, 256GB വരെ സ്റ്റോറേജ് ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമായേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates