ന്യൂഡൽഹി : ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ പോളിസിസ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം അഥവാ പിസിഓഎസ് നിരക്ക് വർധിക്കുന്നതായി പഠനം. അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് രാജ്യത്താകെ 44 ദശലക്ഷം സ്ത്രീകളിൽ പിസിഓഎസ് കണ്ടെത്തിയിരിക്കുന്നത്.
ഇത് രാജ്യത്തെ ആകെ സ്ത്രീകളുടെ 19.3 ശതമാനം വരും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിന് കീഴിൽ നടന്ന പഠനത്തിൽ ഇന്ത്യൻ യുവതികളിൽ അഞ്ചിലൊരാൾ രോഗമനുഭവിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് കൂടുതൽ പേരിൽ രോഗനിർണ്ണം നടത്തിയിട്ടുള്ളത്. കാശ്മീരിലാണ് രോഗസംഖ്യ ഏറ്റവുമധികം. പ്രത്യത്പാദന പ്രായത്തിലുള്ള സ്ത്രീകളിലും പിസിഓഎസ് നിരക്ക് വളരെ കൂടുതലാണെന്ന് പഠനം കണ്ടെത്തി. പതിനെട്ടിനും നാല്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 2018 നവംബർ മുതൽ 2022 ജൂലൈ വരെയുള്ള കാലഘട്ടത്തിലാണ് പഠനം നടന്നത്.
പിസിഓഎസ് അനുഭവിക്കുന്നവരിൽ അനുബന്ധമായി അമിതവണ്ണം, നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ്, ഇന്സുലിന് പ്രതിരോധം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ രോഗാവസ്ഥകളും കണ്ടെത്തിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായ സ്ത്രീകളിൽ 32 ശതമാനം പേരിൽ അമിതഭാരവും 24.9 ശതമാനം പേരിൽ മെറ്റബോളിക് സിൻഡ്രോമും 32.9 ശതമാനം പേരിൽ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പിസിഓഎസ് അനുഭവിക്കുന്ന സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവചക്രം, വന്ധ്യത, ഉയർന്ന ശരീരഭാരം, മാനസിക സംഘർഷങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. അണ്ഡാശയങ്ങളിൽ ചെറുകുമിളകൾ നിറയുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്ന പേര് നൽകിയിരിക്കുന്നത്. അണ്ടാശയങ്ങളിൽ പുരുഷ ഹോർമോണായ ആൻഡ്രോജന്റെ അളവ് കൂടുന്നതിന്റെ ഫലമായാണ് ഇത്തരം കുമിളകൾ രൂപപ്പെടുന്നത്. ശരീരത്തിലെ മറ്റ് ഹോർമോണുകളെയും ഇത് ബാധിക്കാറുണ്ട്. അതിനാൽ തന്നെ പ്രത്യേക ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ആവശ്യമാണ്.
പിസിഓഎസ്സിനെ പൂർണമായും ഇല്ലാതാക്കാനുള്ള പ്രതിവിധികൾ ഇനിയും കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ചെയ്യുക. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ കൂടുതൽ ഫലവത്താണ്. ആഹാരരീതികളും ജീവിതക്രമവും രോഗമുണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ്. ജനിതകമായോ പാരമ്പര്യമായോ രോഗം കൈമാറി വരികയും ചെയ്തേക്കാം. കൃത്യമായ രോഗകാരണം ഇതുവരെയും നിർണ്ണയിക്കപ്പെട്ടിട്ടില്ല.
ആർത്തവക്രമത്തിലെ വ്യതിയാനമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ആർത്തവമുണ്ടാകാനുള്ള കാലതാമസം, ദിനങ്ങളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകൾ, അമിതരക്തസ്രാവം, ആർത്തവം നിലച്ചുപോകൽ തുടങ്ങിയ ലക്ഷണങ്ങളും പിസിഓഎസ്സിന്റേതായേക്കാം. അമിതവണ്ണം, രോമവളർച്ച, മുഖക്കുരു ഒക്കെയും രോഗലക്ഷണങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates