

പുതുവത്സരാഘോഷങ്ങള്‍ പുതിയ തുടക്കങ്ങളുടെകൂടി ആഘോഷമാണ്. ന്യൂ ഇയര്‍ പ്രമാണിച്ച് പല പുതിയ തീരുമാനങ്ങളും എടുക്കുന്നത് പതിവാണ്, ചിലരൊക്കെ ഇത് ഒരിക്കലും നടക്കാത്ത കാര്യമായി കണക്കാക്കുന്നുണ്ടെങ്കിലും സംഭവത്തെ അത്ര നിസാരമായി തള്ളിക്കളയാനാകില്ല. എടുക്കുന്ന തീരുമാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ പല മാറ്റങ്ങളും സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കുമെന്നുറപ്പ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങളിലൊന്നാണ് ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നത്. ഡയറ്റ് തുടങ്ങാനും സ്ഥിരമായി ജിമ്മില്‍ പോകാനും വ്യായാമം ചിട്ടയായി ചെയ്യാനുമെല്ലാം തീരുമാനിക്കുന്നത് ഇതില്‍ പെടും. ശരീരഭാരം നിയന്ത്രിക്കാന്‍ കൈകൊള്ളുന്ന പല തീരുമാനങ്ങളും ആദ്യത്തെ ആവേശത്തില്‍ മുന്നേറുന്നത് കാണാറില്ല. അതുകൊണ്ട് ഇക്കുറി കുറച്ചുകൂടി ലളിതമായി കൈയ്യെത്തിപ്പിടിക്കാന്‍ കഴിയുന്ന മാറ്റങ്ങളിലേക്ക് കടക്കാം.
ഒന്ന് തുടങ്ങിക്കിട്ടാനാണ് പാട്, പലരുടെയും പരാതി ഇങ്ങനെയാണ്. ലക്ഷ്യം ഉറപ്പിച്ചുകഴിഞ്ഞാല്‍ ആദ്യത്തെ കുറച്ചുദിവസം ആ ശീലം ജീവിതത്തിന്റെ ഭാഗമായിക്കിട്ടണം. എപ്പോഴും ചെറിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വയ്ക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദ്ദാഹരണത്തിന് എന്നും രാത്രി 9മണിക്ക് അടുക്കള അടയ്ക്കണം, തുടര്‍ച്ചയായി ഇരിക്കുന്നവരാണെങ്കില്‍ എല്ലാ അരമണിക്കൂര്‍ കൂടുമ്പോഴും ഒന്ന് എഴുന്നേറ്റ് കുറച്ച് നടക്കണം. ഇങ്ങനെ ഒന്ന് മനസ്സുവച്ചാല്‍ ചെയ്യാമെന്നുറപ്പുള്ള മാറ്റങ്ങളില്‍ നിന്ന് തുടങ്ങാം. 21ദിവസം തുടര്‍ച്ചയായി ചെയ്താല്‍ പിന്നെ അത് ജീവിതചര്യയുടെ ഭാഗമായി മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം തുടങ്ങാവുന്ന വളരെ ലളിതമായ ചില തീരുമാനങ്ങളറിയാം.
എല്ലാ ദിവസവും ഏതെങ്കിലും ഒരു പഴം
പഴങ്ങള്‍ ശരീരത്തിന് ഏറെ ഗുണം നല്‍കുന്നവയാണ്. എന്നും ഏതെങ്കിലുമൊരു പഴം കഴിക്കുന്നത് നിങ്ങളുടെ ഡയറ്റില്‍ കാര്യമായ മാറ്റമുണ്ടാക്കും. ധാരാളം ആരോഗ്യഗുണങ്ങള്‍ ഇതുവഴി ശരീരത്തിന് ലഭിക്കും. ഒരിക്കലിത് ശീലമായാല്‍ പിന്നെ ദിവസവും കഴിക്കുന്ന പഴങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടുവരാം.
ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ വലുപ്പം കുറയ്ക്കാം
പലപ്പോഴും വേണ്ടതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം പാത്രത്തില്‍ വിളമ്പുന്ന ഒരു ശീലം പലര്‍ക്കുമുണ്ട്. അവസാനം കഴിച്ചുതീര്‍ക്കാന്‍ പാടുപെടുകയും ചെയ്യും. വലിയ പാത്രങ്ങളില്‍ ഭക്ഷണം വിളമ്പുമ്പോള്‍ മതിയാകില്ല എന്ന തോന്നല്‍ ഉണ്ടായേക്കാം, എന്നാല്‍ നിങ്ങളുടെ വയറിന് താങ്ങാവുന്നതിലധികം ഭക്ഷണം അതില്‍ ഉണ്ടായിരിക്കുകയും ചെയ്യും. എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും ശരിയായ അളവില്‍ കഴിക്കുമ്പോള്‍ മാത്രമേ അത് വേണ്ട ഫലം നല്‍കുകയുള്ളു. അതുകൊണ്ടുതന്നെ പ്ലേറ്റിന്റെ വലുപ്പം കുറയ്ക്കുക എന്ന നിസാരമായ ഒരു കാര്യം ചെയ്താല്‍ കാര്യമായ മാറ്റം കാണാനാകും.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നാണ് പലരും തീരുമാനിക്കുന്നത്. ഇതൊരുപക്ഷെ ഒരാഴ്ച വരെയൊക്കം പാലിക്കാന്‍ പറ്റുമായിരിക്കും, പക്ഷെ അതുകഴിഞ്ഞാല്‍ വീണ്ടും പതിവ് രീതിയിലേക്ക് മടങ്ങും. അതിനുകൊണ്ട് പൂര്‍ണ്ണമായും ഒഴിവാക്കാം എന്ന് കരുതുന്നതിന് പകരം ഒന്നിടവിട്ട ദിവസം കഴിക്കാം എന്നാദ്യം തീരുമാനിക്കാം.
ഹെര്‍ബല്‍ ചായയിലേക്ക് മാറാം
ഹെര്‍ബല്‍ ചായയുടെ ഗുണങ്ങള്‍ പലപ്പോഴും ആരോഗ്യവിദഗ്ധര്‍ വിശദീകരിച്ചിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മസാല ചായക്കോ കാപ്പിക്കോ പകരം ഗ്രീന്‍ ടീയോ ഹെര്‍ബല്‍ ചായയോ കുടിച്ചുനോക്കൂ. എന്നും ഇങ്ങനെ ചെയ്തില്ലെങ്കിലും ഇടവിട്ട ദിവസങ്ങളിലെങ്കിലും ഇത് ചെയ്യാന്‍ ശ്രമിക്കാം.
ഒരു നേരത്തെ ഭക്ഷണമെങ്കിലും പോഷകസമൃദ്ധമാക്കാം
ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതിന്റെ ഭാഗമായി നമ്മള്‍ പലപ്പോഴും കലോറി കുറഞ്ഞ ഭക്ഷണം തെരഞ്ഞെടുക്കും. പക്ഷെ ഇത് ശരീരത്തിനാവശ്യമായ നല്ല പോഷകങ്ങളെ അകറ്റി നിര്‍ത്താന്‍ ഇടയാക്കും. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കണമെന്നും കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നതിന് പകരം ദിവസവും ഒരു നേരമെങ്കിലും പോഷകസമൃദ്ധമായ ആഹാരം കഴിക്കുമെന്ന് തീരുമാനിക്കാം. ഇത് കൂടുതല്‍ സമയം വയറു നിറഞ്ഞിരിക്കുന്ന തോന്നല്‍ ഉണ്ടാക്കും. അതുവഴി കൂടുതല്‍ ഭക്ഷണം കഴിച്ച് കലോറി കൂട്ടുന്നത് ഒഴിവാക്കാം.
15 മിനിറ്റ് നടക്കാം
ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങളില്‍ മാത്രമല്ല വ്യായാമത്തിലും ശ്രദ്ധ വേണം. എന്നും 15 മിനിറ്റെങ്കിലും നടക്കുന്നത് ശീലമാക്കുക. ഒരിക്കലിത് ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞാല്‍ നടക്കാന്‍ മാറ്റിവയ്ക്കുന്ന സമയം കൂട്ടിക്കൊണ്ടുവരാം. ദിവസവും 10,000അടി നടക്കുന്നതും എന്നും രാവിലെ കുറച്ച് സൂര്യപ്രകാശം ഏല്‍ക്കുന്നതും നല്ലതാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
