

ഇൻസ്റ്റഗ്രാമും ഫേയ്സ്ബുക്കും തുറന്നാൽ 1980-കളിൽ എത്തിപ്പെട്ടതുപോലെ തോന്നുന്നുണ്ടോ? അന്നത്തെ ഐകോണിക് ഫാഷൻ ട്രെൻഡ് ആയിരുന്ന വലിയ പഫ് ചെയ്ത ഹെയർസ്റ്റൈലും കളർഫുൾ സാരിയും ഹൈവേസ്റ്റ് ജീൻസും ബ്ലേസറുമെല്ലാം അണിഞ്ഞ് എൺപതുകളിലേക്ക് ടൈം ട്രാവൽ ചെയ്യുകയാണ് എല്ലാവരും. സെലിബ്രിറ്റികളിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേക്കും സാധാരണക്കാരിലേക്കും ഈ ട്രെൻഡ് ഇപ്പോൾ ട്രെൻഡിങ് ആണ്. എന്നാൽ ഇത് വെറുമൊരു ഫാഷൻ ട്രെൻഡ് മാത്രമാണോ? ഇതിന് പിന്നിൽ കൗതുകകരമായ ഒരു മനഃശാസ്ത്രമുണ്ട്.
നമ്മൾ ജീവിക്കാത്ത കാലത്തോട് തോന്നുന്ന നഷ്ടബോധം ആണ് അനിമോയ എന്ന് ചുരുക്കി പറയാം. അമേരിക്കൻ എഴുത്തുകാരനായ ജോൺ കോണിഗ് ആണ് അനിമോയ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. 1980ൽ ജനിച്ചിട്ടില്ലാത്ത ഒരാൾക്ക് 1980കളിലെ ജീവിതത്തോട് പ്രത്യേക അടുപ്പം തോന്നാം. ഒരുതരത്തിൽ പറഞ്ഞാൽ, പുത്തൻ തലമുറയ്ക്ക് പഴയ ഫാഷനോടും സിനിമകളോടും പാട്ടുകളോടും വസ്ത്രങ്ങളോടും വീടുകളോടും വാഹനങ്ങളോടുമൊക്കെ തോന്നുന്ന ക്യൂരിയോസിറ്റി.
നമ്മുടെ കൈകളിലുള്ള ഒരു സാധാരണ ഫോട്ടോയെ എഐയുടെ സഹായത്തോടെ എൺപതുകളിലെ പോപ് കൾച്ചർ ശൈലിയിലേക്ക് മാറ്റിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. അന്നത്തെ ഷർട്ടും ബെൽബോട്ടം പാന്റ്സും, വലിയ ഫ്രെയിം കണ്ണട, നീണ്ട മുടി, സാരിയും വലിയ ആഭരണങ്ങളും, അംബാസഡർ കാറുകൾ പഴയ വീടുകൾ, റേഡിയോ, കാസറ്റ് പ്ലെയർ തുടങ്ങിയവയെല്ലാം ഇന്ന് ‘retro aesthetic’ ആയി മാറി.
'What Would I Look Like in 80s' എന്ന പ്രോംറ്റ് ആണ് ഇത്തരം വിന്റേജ് ലുക്കിന് പിന്നിൽ. ഇന്നത്തെ യുവതലമുറ വളരുന്നത് സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും എഐയും നിറഞ്ഞ ലോകത്താണ്. പാട്ട് കേൾക്കാൻ കാസ്റ്റിന്റെയോ വാർത്ത അറിയാൻ പത്രം വരുന്ന വരെ കാത്തിരിക്കേണ്ട ആവശ്യമോ ഇല്ല. എല്ലാം ഉടനടിയാണ്. അതുകൊണ്ടുതന്നെ അതിന്റെ വിപരീതമായിരുന്ന ഒരു കാലഘട്ടം കൂടുതൽ ആകർഷകമായി തോന്നാം.
ഇന്നത്തെ പോലെ ക്ലിയർ ഫോട്ടോകൾ അല്ലാത്ത ഫിലിം ക്യാമറയിൽ എടുക്കുന്ന എൺപതുകളിലെ ചിത്രങ്ങളുടെ പോരായ്മകളെയാണ് അവർ ഇഷ്ടപ്പെടുന്നത്. അതിൽ ഗ്രേൻസ് ഉണ്ടാവും, മങ്ങിയ നിറമായിരിക്കും ഫോക്കസ് പൂർണമായിരിക്കണമെന്നില്ല, വെളിച്ചമോ പശ്ചാത്തലമോ സാധാരണമായിരിക്കും ആളുകൾ പോസ് ചെയ്യുന്നതു പോലും സ്വാഭാവികമായിരിക്കും. ഇന്ന് എഐ ഉപയോഗിച്ച് ആ പോരായ്മകളെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പഴയകാലത്തെ പോലെ കാണുന്ന പുതിയ ചിത്രം എന്നതാണ് ഈ ട്രെൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates