പുകവലി നിര്‍ത്തിയാല്‍ ഹൃദയാഘാതം ഒഴിവാകുമോ? അറിയാം ഈ ഒന്‍പത് കാര്യങ്ങള്‍

ജീവിതരീതി തന്നെയാണ് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന കാരണം. അതുകൊണ്ടുതന്നെ ഹൃദയത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ഹൃദയാഘാതം, ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന കാരണങ്ങളിലൊന്ന്. ആവശ്യത്തിന് രക്തയോട്ടം നടക്കാതെ ഹൃദയ പേശികളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആര്‍ട്ടറികളില്‍ തടസ്സം ഉണ്ടാകുന്നതാണ് പ്രധാന കാരണം. ഇക്കാര്യങ്ങളെല്ലാം നമുക്കറിയാമെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പലരപ്പോഴും മറന്നുപോകാറുണ്ട്. 

ജീവിതരീതി തന്നെയാണ് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന കാരണം. അതുകൊണ്ടുതന്നെ ഹൃദയത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന 9 കാരണങ്ങള്‍ ഇവയാണ്...

കൊളസ്‌ട്രോള്‍: കൊഴുപ്പ് കുറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണശീലം വഴി കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്താം. ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ഇതിന് സഹായിക്കും. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായവും തേടാം.

പ്രമേഹം: പ്രമേഹം നിയന്ത്രണത്തിലല്ലെങ്കില്‍ അത് ഹൃദയത്തെ ബാധിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. 65 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളില്‍ 68ശതമാനം പേരിലും ഹൃദയസംബന്ധമായ അസുഖത്തിന്റെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയാണ് ഏറ്റവും ഉചിതം. 

രക്തസമ്മര്‍ദ്ദം: ഹൃദ്രോഗങ്ങളുടെ മറ്റൊരു പ്രധാന കാരണമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരും. ഇതുമൂലം ഹൃദയപേശികള്‍ കല്ലിക്കും. കൃത്യമായ വ്യായാമത്തിലൂടെയും, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറച്ചു, മദ്യപാനം ഒഴിവാക്കിയുമൊക്കെ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം

പൊണ്ണത്തടി: കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയവയെല്ലാം ശരീരത്തിലെ കൊഴുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നവയാണ്. ശരിയായ ഡയറ്റ് പിന്തുടര്‍ന്നും ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ ഏര്‍പ്പെട്ടും മാത്രമേ ഒരാള്‍ക്ക് ശരിയായ ശരീരഭാരം നേടിയെടുക്കാന്‍ സാധിക്കുകയുള്ളു. 

പുകവലി: അഞ്ചില്‍ ഒരാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ കാരണം പുകവലി ആണെന്ന് പറയാം. പുകവലിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത രണ്ട് മുതല്‍ നാല് മടങ്ങ് വരെ അധികമാണ്. പുകവലിക്കുമ്പോള്‍ ഹൃദയത്തിലേക്കെത്തുന്ന ഓക്‌സിജന്റെ അളവ് കുറയും. ഇത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും രക്തക്കുഴലുകളെ ദോഷകരമായി ബാധിച്ച് രക്തം കട്ടപിടിക്കാന്‍ കാരണമാകുകയും ചെയ്യും. 

വ്യായാമം ചെയ്യാതിരിക്കുന്നത്: നിഷ്‌ക്രിയ ജീവിതശൈലി ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നതുവഴി ഈ സാഹചര്യം ഒഴിവാക്കാം. പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഫിസിക്കല്‍ ആക്ടിവിറ്റി വഴി ഒരു പരിധിവരെ നിയന്ത്രിക്കാം. ദിവസവും 75 മിനിറ്റെങ്കിലും കഠിന വ്യായാമം ചെയ്യുകയോ 150 മിനിറ്റ് ലളിതമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ വേണം. 

സമ്മര്‍ദ്ദം: ഹൃദയാഘാതം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ് സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നത്. സമ്മര്‍ദ്ദം മറികടക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയെ ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. യോഗ ചെയ്യുന്നതും ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുന്നതുമെല്ലാം ഇതിന് സഹായിക്കും. 

ജെന്‍ഡര്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിക്കാമെങ്കിലും പുരുഷന്മാരെയാണ് ഇത് കൂടുതല്‍ പിടിമുറുക്കുന്നത്. എന്നാല്‍ പ്രായമാകുമ്പോള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഹൃദയാഘാം മൂലം മരിക്കുന്നത്. 

പ്രായം: പ്രായം കൂടുന്നതനുസരിച്ച് ഹൃദയാഘാത സാധ്യതയും വര്‍ദ്ധിക്കും. ഏത് പ്രായത്തിലും ഹൃദയാഘാതം സംഭവിക്കാമെങ്കിലും 45 കഴിഞ്ഞ പുരുഷന്മാരും 50 കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് ഏറ്റവും അപകട സാധ്യത കൂടുതലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com