

എഡിഎച്ച്ഡിയെ പലപ്പോഴും 'യങ് ബോയിസ് ലാക്ക് ഓഫ് ഫോക്കസ്' സിൻഡ്രോം എന്ന രീതിയിൽ വ്യാഖ്യാനിക്കാറുണ്ട്. അതായത് എഡിഎച്ച്ഡി പുരുഷന്മാരിലാണ് കൂടുതൽ പ്രത്യക്ഷപ്പെടുന്നതെന്ന്. സ്ത്രീകളിൽ എഡിഎച്ച്ഡി കേസുകൾ വളരെ കുറവ് റിപ്പോർട്ട് ചെയ്യുന്നതിന് പിന്നിലെ കാരണം, ലക്ഷണങ്ങളാണ്. അതെ, സ്ത്രീകളിൽ എഡിഎച്ച്ഡി ലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്. ഇത് പലപ്പോഴും ഉത്കണ്ഠ, വിഷാദം പോലുള്ളവയാണെന്ന് തെറ്റിദ്ധരിക്കുകയും രോഗനിർണയം വർഷങ്ങളോളം വൈകുകയും ചെയ്യാം.
ADHD ഒരു ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറാണ്, ഇത് തലച്ചോറ് വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെയാണ് ബാധിക്കുന്നത്. ഹൈപ്പറായിട്ടുള്ള പെരുമാറ്റമാണ് എഡിഎച്ച്ഡിയുടെ പൊതുവായ ലക്ഷണം. 2022 ലെ ഡാറ്റ ഉപയോഗിച്ച് നടത്തിയ ഒരു സർവെയിൽ യുഎസ്സിൽ മൂന്ന് മുതൽ 17 വരെ പ്രായമായ ഏകദേശം ഏഴ് ദശലക്ഷം (11.4 ശതമാനം) കുട്ടികൾക്ക് ADHD ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
'ഹൈപ്പർ ആക്ടിവിറ്റി'ക്ക് പകരം 'അശ്രദ്ധ'
എഡിഎച്ച്ഡിയുടെ കാര്യം വരുമ്പോൾ, ആൺകുട്ടികളിൽ ഹൈപ്പർ ആക്ടിവ്-ഇംപൾസിവ് പെരുമാറ്റങ്ങൾ കൂടുതൽ പ്രകടവും സ്റ്റീരിയോടൈപ്പിക് സ്വഭാവങ്ങളുമാണെങ്കിൽ, എഡിഎച്ച്ഡി ഉള്ള പല സ്ത്രീകളിലും അസാധാരണമായ അശ്രദ്ധ പ്രകടമായിരിക്കും. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിരന്തരമായ ബുദ്ധിമുട്ട് നേരിടുക, വസ്തുക്കൾ മറന്നുവയ്ക്കുക, പെട്ടെന്ന് ശ്രദ്ധ മാറിപ്പോവുക എന്നിവ പുരുഷന്മാരെ ബാധിക്കുന്നതിനെക്കാൽ സ്ത്രീകളിൽ കാണാറുണ്ട്. ഈ ലക്ഷണം എഡിഎച്ച്ഡിയുടെ പൊതുവായ ലക്ഷണത്തിൽ വരാത്തതിനാൽ എഡിഎച്ച്ഡി രോഗനിർണയംവൈകാം.
പെർഫക്ഷനലിസ്റ്റ് ആകാനുള്ള ശ്രമം, കുറ്റബോധം
സ്ത്രീകൾക്ക് പലപ്പോഴും തങ്ങളുടെ ബുദ്ധിമുട്ടുകൾ മറച്ചുപിടിക്കാൻ നിർബന്ധ പരിശീലനം കിട്ടിയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ, തൻ്റെ പ്രശ്നങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ട് മറച്ചുപിടിച്ചു കൊണ്ട് പെർഫക്ഷനലിസ്റ്റ് ആകാനുള്ള ശ്രമം നടത്തും. കുറ്റബോധമായിരിക്കും അവരെ കൂടുതൽ ഭരിക്കുക. എല്ലാം വൃത്തിയായി ചെയ്യണമെന്ന നിർബന്ധം ഉള്ളിൽ അവരെ ക്ഷീണിതരാക്കും. ഈ മുഖംമൂടി രോഗനിർണയം വൈകിപ്പിക്കുന്നതിന് കാരണമായേക്കാം. അതായത്, ഒരു സ്ത്രീ ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, പുറമേ നിന്ന് കഴിവുള്ളവളായി തോന്നാമെങ്കിലും നിരന്തരം അമിതഭാരം, അപര്യാപ്തത, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം.
വൈകാരികമായ നിയന്ത്രണമില്ലായ്മ, ആത്മവിശ്വാസക്കുറവ്
ADHD ഉള്ള സ്ത്രീകളിൽ പലപ്പോഴും വൈകാരിക സംവേദനക്ഷമത, അടിക്കടിയുള്ള മൂഡ് മാറ്റങ്ങൾ, വിട്ടുമാറാത്ത സമ്മർദം എന്നിവ ഉണ്ടാകാം. മാത്രമല്ല, സ്ത്രീകളിൽ ADHD പലപ്പോഴും നിർണ്ണയിക്കപ്പെടാത്തതിനാൽ, പലർക്കും ഉത്കണ്ഠയോ വിഷാദമോ ആണെന്ന് തെറ്റായി നിർണ്ണയിക്കപ്പെടുകയും ചെയ്യുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ആത്മവിശ്വാസക്കുറവ് തുടർക്കഥയാകുന്നതോടെ താൻ പോരെന്നും ഇടയ്ക്കിടെ കാര്യങ്ങൾ മറന്നു പോകാനതുമൊക്കെ പതിവാകും. മറ്റുള്ളവർ ഇവരെ ചിലപ്പോൾ മടിച്ചിയെന്നോ കഴിവില്ലാത്തവൾ എന്നോ മുദ്രകുത്താം.
ഹൈപ്പർ ആക്ടിവിറ്റിക്ക് പകരം അസ്വസ്ഥത
സദാസമയവും അക്ഷമയോടെ സംസാരിക്കുന്നവരെ പലപ്പോഴും വായാടിയെന്ന് മുദ്രകുത്താറുണ്ട്. എന്നാൽ സ്ത്രീകളിൽ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളിൽ ഒന്നാണ് ഇതും. ഹൈപ്പർ ആക്ട്റ്റീവ് അല്ലെങ്കിലും ഓവർ തിങ്കിങ്, അമിതമായ സംസാരം, ദിവാസ്വപ്നം കാണൽ, അല്ലെങ്കിൽ അനക്കമമില്ലാതെ എവിടെയെങ്കിലും ഇരിക്കുക തുടങ്ങിയവ സ്ത്രീകളിലെ എഡിഎച്ച്ഡി ലക്ഷണങ്ങളാകാം.
ഹോർമോൺ വ്യതിയാനങ്ങളും ട്രിഗറുകളും
എഡിഎച്ച്ഡിക്ക് കാരണമാകുന്ന കൃത്യമായ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഹോർമോൺ വ്യതിയാനങ്ങൾ, മുൻപ് നേരിട്ട ദുരനുഭവങ്ങൾ എന്നിവ സ്ത്രീകളിൽ എഡിഎച്ച്ഡിയെ ട്രിഗർ ചെയ്യാം. പ്രായപൂർത്തിയാകൽ, ഗർഭം, മാതൃത്വം, പെരിമെനോപോസ്, ആർത്തവവിരാമം എന്നീ ഘട്ടങ്ങളിൽ സ്ത്രീകളിൽ ശ്രദ്ധക്കുറവ്, വൈകാരിക ക്ഷീണം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളെ എഡിഎച്ച്ഡി തീവ്രമാക്കും. കൂടാതെ, മൾട്ടിടാസ്കിങ്, ഹോം മാനേജ്മെന്റ്, പ്രൊഫഷണൽ ജോലി തുടങ്ങിയവ എഡിഎച്ച്ഡി ഉള്ള സ്ത്രീകളിൽ അധിക ഭാരം ചെലുത്തുന്നു. പ്രായപൂർത്തിയായപ്പോൾ മാത്രമാണ് പല സ്ത്രീകളും രോഗനിർണയം നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates