

കോവിഡ് വാക്‌സിന്‍ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പുതിയ പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ഗവേഷക റിപ്പോർട്ടിൽ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിനുകൾ ചില കാൻസർ രോഗികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി കണ്ടെത്തി.
ചില ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ കഴിക്കുന്ന ശ്വാസകോശ അര്‍ബുദമോ ത്വക്ക് അര്‍ബുദമോ ബാധിച്ച ആളുകള്‍ ചികിത്സ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിന്‍ സ്വീകരിക്കുന്നത് രോഗികളില്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്തുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ അത്യാധുനിക കാന്‍സര്‍ ചികിത്സയോട് നന്നായി പ്രതികരിക്കാന്‍, വാക്സിനിൽ അടങ്ങിയ mRNA തന്മാത്രകൾ സഹായിക്കുന്നുവെന്ന് ഹ്യൂസ്റ്റണിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെയും ഫ്‌ലോറിഡ സര്‍വകലാശാലയിലെയും ഗവേഷകർ പറയുന്നു.
ശരീരത്തിലുടനീളം രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കുന്നതിനുള്ള ഒരു സൈറൺ പോലെയാണ് വാക്സിൻ പ്രവർത്തിക്കുന്നതെന്ന് എംഡി ആൻഡേഴ്സണിലെ പ്രധാന ഗവേഷകനായ ഡോ. ആദം ഗ്രിപ്പിൻ പറയുന്നു. ഈ കണ്ടെത്തൽ കാൻസർ ചികിത്സ രംഗത്ത് പുത്തൽ പ്രതീക്ഷ നൽകുന്ന ഒന്നാണെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. mRNA കോവിഡ് വാക്സിനുകൾ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന കാൻസർ മരുന്നുകളുമായി ജോടിയാക്കാമോയെന്ന കാര്യത്തിൽ കൂടുതൽ പഠനത്തിന് തയ്യാറെടുക്കുകയാണ് ഗവേഷകർ.
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം കാൻസർ കോശങ്ങളെ ഒരു ഭീഷണിയായി മാറുന്നതിന് മുമ്പ് തന്നെ അവയെ നശിപ്പിക്കുന്നു. എന്നാൽ ചില മുഴകൾ രോഗപ്രതിരോധ ആക്രമണത്തിൽ നിന്ന് മറഞ്ഞിരിക്കാറുണ്ട്. എന്നാൽ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ ആ ആവരണം നീക്കം ചെയ്യുകയും രോഗപ്രതിരോധ സംവിധാനം അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ചില ആളുകളുടെ രോഗപ്രതിരോധ കോശങ്ങൾ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ എത്തിയാലും ട്യൂമറിനെ തിരിച്ചറിയണമെന്നില്ല.
ഒരു ഓഫ്-ദി-ഷെൽഫ് സമീപനം ഫലപ്രദമാകുമെന്നതിന്റെ വളരെ നല്ല സൂചനയാണ് പുതിയ ഗവേഷണം, മനുഷ്യരുടെ ആരോഗ്യത്തിന് mRNA മരുന്നുകൾ എത്രത്തോളം പ്രയോജനകരമാകുമെന്നതിലുള്ള തിരിച്ചറിവു തുടരുകയാണെന്നു ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ mRNA സ്പെഷ്യലിസ്റ്റ് ഡോ. ജെഫ് കോളർ പറഞ്ഞു.
എംഡി ആൻഡേഴ്‌സണിൽ കാൻസർ സെന്ററിൽ ചെക്ക്‌പോയിന്റ് ഇൻഹിബിറ്റർ ചികിത്സയ്ക്ക് വിധേയരായ ഏകദേശം 1,000 കാൻസർ രോഗികളുടെ രേഖകൾ സംഘം വിശകലനം ചെയ്യുകയും അതിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവരെ താരതമ്യം ചെയ്യുകയും ചെയ്തു. വാക്സിനേഷൻ എടുത്ത ശ്വാസകോശ അർബുദ രോഗികൾ, കാൻസർ ചികിത്സ ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം വാക്സിനേഷൻ എടുക്കാത്ത രോഗികളേക്കാൾ ഇരട്ടി കാലം ജീവിച്ചിരുക്കുന്നതിന് സാധ്യതയുള്ളതായി കണ്ടെത്തി. മെലനോമ രോഗികളിൽ, വാക്സിനേഷൻ എടുത്ത രോഗികളുടെ ശരാശരി അതിജീവനം ഗണ്യമായി കൂടുതലായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates