

ലോകത്താകെ ഒരു വർഷം ഏകദേശം 15 ദശലക്ഷണത്തിലധികം ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജീവിതശൈലിയിലെ മാറ്റത്തെ തുടർന്ന് പ്രായമാവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും സ്ട്രോക്ക് സാധ്യതയുണ്ടെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നേരത്തെയുള്ള രോഗ നിർണയം സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് രോഗ ശേഷം സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവും.
മരുന്നുകളും ഫിസിയോതെറാപ്പിയുമാണ് ആരോഗ്യം വീണ്ടെടുക്കാൻ ഇതുവരെയുള്ള മാർഗമായി കണ്ടിരുന്നത്. എന്നാൽ ഇതിന് പുറമെ ദിവസവും 30 മിനിറ്റ് പതിവായി സൂര്യപ്രകാശമേൽക്കുന്നതിലൂടെ ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ന്യൂ ഡൽഹി എയിംസ് അടുത്തിടെ നടത്തിയൊരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
2023 നവംബർ മുതൽ രണ്ട് വർഷം നീണ്ട പഠനം, സ്ട്രോക്ക് ബാധിച്ച 18 മുതൽ 80 വയസുവരെയുള്ള 40 പേരെ ഉൾപ്പെടുത്തിയായിരുന്നു. ഇവരെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഒരു വിഭാഗം ആളുകൾക്ക് സാധാരണ ചികിത്സ രീതികൾ നൽകിയപ്പോൾ രണ്ടാമത്തെ വിഭാഗത്തിന് ചികിത്സയ്ക്കൊപ്പം പതിവായി സൂര്യപ്രകാശവും (sunlight therapy) നൽകി. ആദ്യ വിഭാഗത്തെ അപേക്ഷിച്ച് രണ്ടാമത്തെ വിഭാഗം മെച്ചപ്പെട്ട രീതിയിൽ ആരോഗ്യം വീണ്ടെടുത്തതായി കണ്ടെത്തി.
പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ രോഗികളുടെ ഉറക്കത്തിലും മാനസികാവസ്ഥയിലും പുരോഗതി ഉണ്ടായതായും ഗവേഷകർ നിരീക്ഷിച്ചു. സ്ട്രോക്ക് ബാധിച്ചവരിൽ വിറ്റാമിൻ ഡിയുടെ അളവു കുറയാനുള്ള സാധ്യത കൂടുതലാണ്.
ഇത് പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കാം. ദിവസവും സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭ്യമാകാൻ സഹായിക്കുന്നു. സ്‌ട്രോക്കിന് ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ എന്നത് ശാരീരികമായി മാത്രമുള്ളതല്ല മറിച്ച് വ്യക്തിഗത പരിചരണം കൂടിയാണ്.
രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ കൂടുതലായി കഴിക്കുന്നതിനാൽ ഡീഹൈഡ്രേഷൻ സാധ്യത കൂടുതലാണ്. അതിനാൽ സൂര്യപ്രകാശമേൽക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates