

പഞ്ചസാര ഒഴിവാക്കിയാലും ഭക്ഷണക്രമത്തിൽ മധുരം ഉൾപ്പെടുത്താൻ നിരവധി പ്രകൃതിദത്ത വഴികളുണ്ട്. ശർക്കരയും തേനും കരിപ്പട്ടിയുമൊക്കെ പണ്ടു കാലം മുതൽ നമ്മുടെ അടുക്കളയിലെ പതിവുകാരായിരുന്നു. പിന്നീട് റിഫൈൻഡ് പഞ്ചസാരയുടെ വരവോടെയാണ് ഇവയിൽ പലരും നമ്മുടെ അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായത്.
പഞ്ചസാരയിൽ വെറും കലോറി മാത്രമാണ് ഉള്ളത്. പകരം മധുരമായി പോഷകങ്ങൾ അടങ്ങിയ പരമ്പരാഗത ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഊർജ്ജസ്വലത നിലനിർത്താനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പണ്ടു കാലങ്ങളിൽ സ്വാഭാവിക മധുരമായി ഈന്തപ്പഴം ഉപയോഗിച്ചിരുന്നു. ഇത് പലപ്പോഴും ഈന്തപ്പഴ സിറപ്പ് രൂപത്തിലോ പൊടിച്ച പഞ്ചസാര രൂപത്തിലോ ആണ് ഉപയോഗിച്ചിരുന്നത്. ഇത് പായസങ്ങളും മറ്റു മധുരപലഹാരങ്ങളും മധുരമുള്ളതാക്കാൻ സഹായിച്ചിരുന്നു. ഈന്തപ്പഴം ഇരുമ്പ് ഉൾപ്പെടെ നിരവധി പോഷകങ്ങളുടെ കലവറയാണ്.
തേൻ ഒരു വിഭവമെന്നതിനെക്കാൾ ഔഷധമായും നമ്മൾ ഉപയോഗിച്ചു പോരുന്നതാണ്. മധുരപലഹാരത്തിലും കഷായങ്ങളിലും ചായയിലും വരെ തേൻ ചേർത്തു കഴിക്കാം. ഔഷധ ഗുണമുള്ളതു കൊണ്ട് പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാവുന്നതാണ്.
കരിമ്പിൻ നീരോ പനഞ്ചാറോ തിളപ്പിച്ച് ഖരരൂപത്തിലാക്കിയതാണ് ശർക്കര. വെളുത്ത പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ പ്രകൃതിദത്ത ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ചായയിലും മധുരപലഹാരങ്ങളിലും കൂടാതെ ചില കറികളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
തെങ്ങിൻ പൂങ്കുലയിലെ നീരിൽ നിന്നാണ് കോക്കനട്ട് ഷുഗർ ഉണ്ടാക്കുന്നത്. ഇതിന് കാരമലിന്റെ നേരിയ രുചിയാണ്. ഇന്ന് പലയിടത്തും പഞ്ചസാരയ്ക്ക് പകരമായി കോക്കനട്ട് ഷുഗർ ഉപയോഗിക്കുന്നു.
പനയുടെ നീരിൽ നിന്ന് നിർമ്മിക്കുന്ന കരിപ്പട്ടിക്ക് സാധാരണ ശർക്കരയേക്കാൾ കടും നിറവും മികച്ച രുചിയുമുണ്ട്. ദക്ഷിണേന്ത്യയിലും തീരദേശ മേഖലകളിലും ഇത് വളരെ ജനപ്രിയമാണ്. പരമ്പരാഗത മധുരപലഹാരങ്ങളിലും പാനീയങ്ങളിലും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates