

മലയാളിക്ക് ചോറ് ഒരു നേരത്തെ ഭക്ഷണം മാത്രമല്ല, അതൊരു വികാരമാണ്. മലയാളിയുടെ സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം ഒരല്‍പം ചോറ് എന്നും കൂടെയുണ്ടാകും. എന്നാല്‍, കൊതിയോടെ കഴിക്കുന്ന ഈ തൂവെള്ളച്ചോറിനുള്ളില്‍ ഒരപകടം പതിയിരിക്കുന്നുണ്ടെങ്കിലോ? നമ്മള്‍ അറിയാതെ പ്രവേശിച്ചുകൊണ്ടിരിക്കുന്ന, അരിയും വിഷമാകുന്ന ഒരു ആസുര കാലത്തിന്റെ തുടക്കമാണത്. ആഴ്‌സനിക് എന്ന നിശബ്ദനായ കൊലയാളി നമ്മുടെ അന്നത്തില്‍ പതിയിരിക്കുന്നു എന്നത് കാലങ്ങളായി കേള്‍ക്കുന്നതാണ്...
ഭൂമിയില്‍ സ്വാഭാവികമായി കാണുന്ന ഒരു മൂലകമാണ് ആഴ്‌സനിക്. പാറകളിലും മണ്ണിലുമെല്ലാം ഇതിന്റെ അംശമുണ്ട്. എന്നാല്‍, വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍പ്പാടങ്ങളുടെ ചെളിയില്‍, ചില സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി ആഴ്‌സനിക് വളരെ എളുപ്പത്തില്‍ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് മാറുന്നു. നെല്‍ച്ചെടികള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട് - വെള്ളത്തോടൊപ്പം ഈ ആഴ്‌സനിക്കിനെയും അവ ധാരാളമായി ഉള്ളിലേക്ക് വലിച്ചെടുക്കും. അങ്ങനെ അത് നെല്‍മണികളില്‍, അതായത് നമ്മുടെ അരിയില്‍, വന്നടിയുന്നു.
ഇവിടെ നമ്മള്‍ ഒരു കാര്യം വ്യക്തമായി അറിയണം. ഈ ആഴ്‌സനിക് നെല്‍മണിയുടെ എല്ലാ ഭാഗത്തും ഒരേ അളവിലല്ല കാണുന്നത്. ഏറ്റവും കൂടുതല്‍ ആഴ്‌സനിക് അടിഞ്ഞുകൂടുന്നത് അരിയുടെ പുറംപാളിയായ തവിടിലാണ് (bran). തവിട് കളയാത്ത അരിയില്‍, തവിട് കളഞ്ഞ വെള്ളയരിയേക്കാള്‍ (polished white rice) ആഴ്‌സനിക്കിന്റെ അളവ് കൂടുതലായിരിക്കും.
അരി കുത്തി വെളുപ്പിക്കുമ്പോള്‍ തവിടിനോടൊപ്പം ഗണ്യമായ അളവില്‍ ആഴ്‌സനിക്കും നീക്കം ചെയ്യപ്പെടുന്നു. എങ്കിലും, വെള്ളയരിയിലും അപകടകരമായ അളവില്‍ ആഴ്‌സനിക് നിലനില്‍ക്കുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കുടിവെള്ളം കഴിഞ്ഞാല്‍ ആഴ്‌സനിക് ശരീരത്തിലെത്തുന്നത് അരിയിലൂടെയാണ്. അളവാണ് വിഷത്തെ നിര്‍ണയിക്കുന്നത് എന്നത് നമുക്കറിയുന്നതാണല്ലോ...
എന്നാല്‍ ഇപ്പോള്‍, കഥയാകെ മാറുകയാണ്. പുതിയ, കൂടുതല്‍ ഭീകരനായ ഒരു വില്ലന്‍, കാലാവസ്ഥാ വ്യതിയാനം കൂടെ ഇതിലേക്ക് വരുന്നു.
ഒരു കൂട്ടം ഗവേഷകര്‍ ഒരു ചോദ്യത്തിന് ഉത്തരം തേടിയിറങ്ങി, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ (CO2) അളവ് കൂടുമ്പോഴും, ചൂട് വര്‍ധിക്കുമ്പോഴും നമ്മുടെ നെല്‍ച്ചെടികള്‍ക്ക് എന്ത് സംഭവിക്കും?
അവര്‍ സാധാരണ പരീക്ഷണശാലകളിലല്ല ഇതിന് ഉത്തരം തേടിയത്. ചൈനയിലെ നെല്‍പ്പാടങ്ങളില്‍ ഭീമാകാരമായ സംവിധാനങ്ങള്‍ സ്ഥാപിച്ച്, ഭാവിയിലെ കാലാവസ്ഥയെ കൃത്രിമമായി സൃഷ്ടിച്ചു. 'ഫ്രീ-എയര്‍ CO2 എന്റിച്ച്‌മെന്റ്' (FACE) എന്ന് പേരിട്ട ഈ പരീക്ഷണത്തില്‍, പാടത്തിന് ചുറ്റും വലിയ വളയങ്ങള്‍ സ്ഥാപിച്ച്, അതിലൂടെ കാര്‍ബണ്‍ ഡയോക്‌സൈഡ് കടത്തിവിട്ട് ഭാവിയിലെ അന്തരീക്ഷം സൃഷ്ടിച്ചു.
ചിലയിടങ്ങളില്‍, ഇന്‍ഫ്രാറെഡ് ഹീറ്ററുകള്‍ ഉപയോഗിച്ച് താപനിലയും ഉയര്‍ത്തി. അങ്ങനെ നാല് സാഹചര്യങ്ങള്‍ അവര്‍ പഠനവിധേയമാക്കി: ഇന്നത്തെ സാധാരണ കാലാവസ്ഥ, CO2 മാത്രം കൂട്ടിയ അവസ്ഥ, ചൂട് മാത്രം കൂട്ടിയ അവസ്ഥ, പിന്നെ CO2-ഉം ചൂടും ഒരുമിച്ച് കൂട്ടിയ ഭീകരമായ അവസ്ഥ.
പത്ത് വര്‍ഷത്തോളം നീണ്ട ഈ ബൃഹത്തായ പരീക്ഷണത്തിനൊടുവില്‍ ലഭിച്ച ഫലങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. ചൂട് മാത്രം 2°C വര്‍ധിപ്പിച്ചപ്പോള്‍ നെല്‍മണികളിലെ ആഴ്‌സനിക്കിന്റെ അളവ് കാര്യമായി കൂടി. എന്നാല്‍, യഥാര്‍ത്ഥ വില്ലന്‍ അതായിരുന്നില്ല. അന്തരീക്ഷത്തിലെ CO2-ഉം ചൂടും ഒരുമിച്ച് വര്‍ധിച്ചപ്പോള്‍ സംഭവിച്ചത് ഒരു ദുരന്തമായിരുന്നു. ആഴ്‌സനിക്കിന്റെ അളവ് പലമടങ്ങ് വര്‍ധിക്കുകയായിരുന്നു.
ശാസ്ത്രലോകം ഇതിനെ 'സിനര്‍ജിസ്റ്റിക് ഇഫക്റ്റ്' (synergistic effect) എന്ന് വിളിക്കും. അതായത്, രണ്ട് ഘടകങ്ങള്‍ ഒറ്റക്കൊറ്റക്ക് ഉണ്ടാക്കുന്ന ആഘാതത്തേക്കാള്‍ എത്രയോ വലുതായിരിക്കും അവ രണ്ടും ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഗവേഷകര്‍ മണ്ണിനടിയിലേക്ക്, സൂക്ഷ്മജീവികളുടെ ലോകത്തേക്ക് ശ്രദ്ധതിരിച്ചു. കാലാവസ്ഥ മാറിയപ്പോള്‍ മണ്ണിന്റെ സ്വഭാവം മാറി. ചൂടും കാര്‍ബണ്‍ ഡയോക്‌സൈഡും കൂടിയതോടെ, മണ്ണിലെ ചില പ്രത്യേകതരം ബാക്ടീരിയകള്‍ വല്ലാതെ വളരാന്‍ തുടങ്ങി.
അതില്‍ പ്രധാനിയായിരുന്നു arsC എന്ന ജീന്‍ ഉള്ള ബാക്ടീരിയ. ഈ ജീനിന്റെ ജോലി, മണ്ണില്‍ കെട്ടിക്കിടക്കുന്ന, ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പ്രയാസമുള്ള ആഴ്‌സനേറ്റിനെ (arsenate), എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന ആഴ്‌സനൈറ്റായി (arsenite) മാറ്റുക എന്നതാണ്.
ചൂടും CO2-ഉം ഒന്നിച്ചപ്പോള്‍, ഈ ജീനിന്റെ അളവ് മണ്ണില്‍ ആറിരട്ടിയോളം വര്‍ധിച്ചു! ചുരുക്കിപ്പറഞ്ഞാല്‍, കാലാവസ്ഥാമാറ്റം മണ്ണിലെ മൈക്രോബുകളെ ഒരു 'ആഴ്‌സനിക് പമ്പാ'യി മാറ്റി, അവ നെല്‍ച്ചെടികളിലേക്ക് വിഷം ശക്തിയായി അടിച്ചു കയറ്റാന്‍ തുടങ്ങി.
ഈ കണ്ടെത്തലിന്റെ ഭവിഷ്യത്തുകള്‍ ഭയാനകമാണ്. ഏഷ്യയിലെ പ്രമുഖ അരി ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യ, ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളില്‍ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടി. അവരുടെ മോഡലിംഗ് പ്രകാരം, 2050-ഓടെ കാലാവസ്ഥാ വ്യതിയാനം കാരണം മാത്രം അരിയിലെ ആഴ്‌സനിക് മൂലമുണ്ടാകുന്ന കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ ലക്ഷക്കണക്കിന് വര്‍ധനവുണ്ടാകും.
ചൈനയില്‍ മാത്രം, നിലവിലെ 1.34 കോടി കാന്‍സര്‍ സാധ്യത എന്നത് 1.93 കോടിയായി ഉയരുമെന്ന് പഠനം പ്രവചിക്കുന്നു. ശ്വാസകോശം, മൂത്രാശയം, ചര്‍മ്മം എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്ക് പുറമെ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കും ഇത് കാരണമാകും.
അരിയും വിഷമാകുന്ന ഈ വരാന്‍ പോകുന്ന ആസുര കാലത്തിന്റെ നേര്‍സാക്ഷ്യമായി നമ്മുടെ ചോറ് മാറിക്കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പാണിത്.
എന്നാല്‍ പ്രതീക്ഷയ്ക്ക് ഇപ്പോഴും വകയുണ്ട്. ഈ അപകടത്തെ തിരിച്ചറിഞ്ഞതിലൂടെ നമുക്ക് പ്രതിവിധികള്‍ കണ്ടെത്താനാകും. കുറഞ്ഞ അളവില്‍ ആഴ്‌സനിക് വലിച്ചെടുക്കുന്ന പുതിയതരം നെല്ലിനങ്ങള്‍ വികസിപ്പിക്കുക, വെള്ളം കെട്ടിനിര്‍ത്താതെ ഇടക്കിടെ ഉണക്കാന്‍ അനുവദിക്കുന്ന കൃഷിരീതികള്‍ (alternate wetting and drying) അവലംബിക്കുക, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നിവയൊക്കെ ഇതിനുള്ള പോംവഴികളാണ്.
കാലാവസ്ഥയെ സംരക്ഷിക്കാന്‍ നാം എടുക്കുന്ന ഓരോ ചുവടും, നമ്മുടെ ഭക്ഷണത്തെയും തലമുറകളെയും വിഷത്തില്‍ നിന്ന് രക്ഷിക്കാനുള്ള ചുവടുകള്‍ കൂടിയാണ്.
അവലംബം
Wang, D., Kim, B. F., Nachman, K. E., Chiger, A. A., Herbstman, J., Loladze, I., Zhao, F.-J., Chen, C., Gao, A., Zhu, Y., Li, F., Shen, R. F., Yan, X., Zhang, J., Cai, C., Song, L., Shen, M., Ma, C., Yang, X., ... Ziska, L. H. (2025). Impact of climate change on arsenic concentrations in paddy rice and the associated dietary health risks in Asia: an experimental and modelling study. The Lancet Planetary Health, 9(5), e397-e409.
(പരിഭ്രാന്തി പരത്തല്‍ ഈ ലേഖനത്തിന്റെ ലക്ഷ്യമേയല്ല, ഒരു ശാസ്ത്ര പഠനത്തെ ലളിതമായ ഭാഷയില്‍ മലയാളത്തില്‍ അവതരിപ്പിക്കുക എന്നതു മാത്രമാണ് ഈ കുറിപ്പില്‍ ചെയ്തിരിക്കുന്നത്)
ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
