

സ്കിൻ കാൻസറിനോട് ഇനിയും അവസാനിക്കാത്ത പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ വെയിലും ഗ്രൗണ്ടും ഒഴിവാക്കാനാവില്ല, തന്റെ കരിയർ മുഴുവൻ വെയിലത്തായിരുന്നു. ഇത് ചർമാർബുദത്തിലേക്ക് നയിച്ചുവെന്നും ക്ലാർക്ക് പറഞ്ഞു.
ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് മുൻപ് സൺസ്ക്രീൻ പുരട്ടുന്നത് ശീലമായിന്നെങ്കിലും അവ റീ-അപ്ലൈ ചെയ്യണമെന്നത് പാലിക്കാറില്ലായിരുന്നുവെന്നും ക്ലാർക്ക് പറയുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മൂക്കിന് പുറമെ പ്രത്യക്ഷപ്പെട്ട കാൻസറിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006-ലാണ് ക്ലാർക്കിന് ആദ്യമായി സ്കിൻ കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ഏഴോളം ശസ്ത്രക്രിയാണ് മുഖത്ത് മാത്രം നടത്തിയത്. 2023- ൽ നെറ്റിയിലും മുഖത്തും കാൻസർ നീക്കം ചെയ്യുകയും കഴിഞ്ഞ വർഷം നെഞ്ചിൽ നിന്ന് ബേസൽ സെർ കാർസിനോമ നീക്കം ചെയ്യാനുള്ള സർജറിയും ചെയ്തിരുന്നു. തൻ്റെ മുഖത്ത് ശസ്ത്രക്രിയ നടത്തിയ പാടുകൾ മറച്ചു വയ്ക്കാൻ കഴിയുന്നതല്ല, ഇപ്പോഴും ആറ് മാസത്തെ ഇടവേളയിൽ പരിശോധന തുടരുന്നുവെന്നും അദ്ദേഹം പറയുന്നു.
വെയിലത്ത് ധാരാളം സമയം ചെലവഴിക്കുന്നതിനാൽ ധാരാളം ക്രിക്കറ്റ് കളിക്കാർക്ക് സ്കിൻ ക്യാൻസർ വന്നതിൽ തനിക്ക് അത്ഭുതം തോന്നാറില്ലെന്ന് ക്ലാർക്ക് 2023ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പകല്‍ എട്ടു മണിക്കൂര്‍ ഇന്ത്യന്‍ മൈതാനങ്ങളിലെ വെയില്‍ കൊള്ളുന്നത് സങ്കല്‍പ്പിച്ചു നോക്കൂ, തുടർച്ചയായി വെയിലത്ത് കളിക്കുമ്പോൾ ക്യാപ്പ് അണിയാറുണ്ട്, എന്നാൽ അത് ചർമത്തിന് മതിയായ സുരക്ഷ നൽകുന്നില്ല, മാത്രമല്ല, ഹാഫ് സ്ലീവ് ഷർട്ടുകളാണ് കളിക്കിടെ ധരിക്കുന്നത്, ഇതും ചർമത്തിന് സുരക്ഷിതമല്ലെന്നും താരം പറയുന്നു.
ഓസ്ട്രേലിയക്കുവേണ്ടി 115 ടെസ്റ്റും 245 ഏകദിനവും 34 ടി20യും കളിച്ചിട്ടുണ്ട് ക്ലാർക്ക്. 74 ടെസ്റ്റിലും 139 ഏകദിനത്തിലും ടീമിനെ നയിച്ചു. 2014-ൽ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ, ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ശരീരത്തിൽ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് മെലനോമ എന്ന മാരകമായ സ്കിൻ കാൻസറിന്റെ ലക്ഷണമാകാം.
മുപ്പതു വയസ്സിന് ശേഷം ശരീരത്തിൽ പുതിയ മറുകുകൾ ഉണ്ടാകുന്നതും മറുകുകൾ വളരുന്നും സ്കിൻ കാൻസറിന്റെ ലക്ഷണമാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ഏതു പുതിയ പാടുകളും ശ്രദ്ധിക്കണം.
ആഴ്ചകൾ കഴിഞ്ഞാലും മുറിവുകൾ ഉണങ്ങാത്ത അവസ്ഥയുണ്ടായാൽ ശ്രദ്ധിക്കണം. മുറിവുകൾ ഉണങ്ങാതെ അവയിൽ നിന്ന് രക്തം വരുകയോ മുറിവുകൾ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസൽ സെൽ കാർസിനോമയുടേയോ സ്ക്വാമസ് സെൽ കാർസിനോമയുടെയോ ലക്ഷണമാവാം. ഇത്തരത്തിലെ ചർമ്മാർബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും.
ശരീരത്തിലെ മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോൾ അർബുദമാകാം. മുറിവുകളിൽ ചൊറിച്ചിലും വേദനയും ഉണ്ടാകാം.
തൊടുമ്പോൾ ചർമം മൃദുവായി തോന്നും. ജാമാ ഡെർമറ്റോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചൊറിച്ചിൽ എന്നത്
ആദ്യ ഘട്ടത്തിൽ മെലനോമയുടെ സാധാരണമായ ഒരു ലക്ഷണമാണ്.
ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. ചർമം പരുക്കനാവുക, മൊരിയോ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്കിൻ കാൻസറിന്റെ ലക്ഷണമാവാം. സ്കിൻ കാൻസർ ഫൗണ്ടേഷൻ പറയുന്നത് ഈ മാറ്റങ്ങൾ രണ്ടിനം സ്കിൻ കാൻസറുകളായ ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്.
മറുകുകളുടെ അരികിലും ചർമത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കിൽ ചർമ്മത്തിൽ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചർമ്മത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates