

കോവിഡിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടർമാർ. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോൺ ബാധിച്ചവരിലാണ് നീണ്ടു നിൽക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവർ പറയുന്നത്.
ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോൺ ലക്ഷണങ്ങളെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനാലിസിസിൽ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോൺ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തി. അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിൻറെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യൻ സാർസ് കോവ്-2 ജീനോമിക്സ് കൺസോർഷ്യത്തിലെ ശാസ്ത്രജ്ഞർ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന് കണ്ടെത്തിയത്. ഡെൽറ്റ വകഭേദത്തെ കീഴടക്കി ഒമൈക്രോൺ രാജ്യത്ത് പ്രബല വകഭേദമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത നാല്-ആറ് ആഴ്ചകളിൽ കേസുകളുടെ എണ്ണം വർദ്ധിച്ച് മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനുശേഷം രോഗബാധിതരുടെ എണ്ണം താഴേക്ക് വരുമെന്ന് കരുതുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates