വണ്ണം കുറയ്ക്കാൻ ബാരിയാട്രിക് ശസ്ത്രക്രിയ, യുവാവിന്റെ കാഴ്ചയും ഓർമശക്തിയും മങ്ങി, കുറിപ്പ് പങ്കുവെച്ച് ഡോക്ടർ
അമിതവണ്ണം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകമായി ചെയ്യുന്ന ശസ്ത്രക്രിയയാണ് Bariatric surgery (ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ). എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ ഏതാനും ആഴ്ചകൾ ഏറ്റവും അപകടസാധ്യതയുള്ള സമയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മസ്തിഷ്കാരോഗ്യത്തെ ബാധിച്ച ഒരു 25കാരൻ്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. സുധീർ കുമാർ.
ഡോക്ടർ എക്സിൽ പങ്കുവെച്ച കുറിപ്പ്
കാഴ്ച മങ്ങുക, ഡബിൾ വിഷൻ, മറവി തുടങ്ങി അസാധാരണമായ ബുദ്ധിമുട്ടുകളുമായി 25 വയസ്സുള്ള ഒരു യുവാവ് തന്നെ കാണാൻ വന്നിരുന്നു. നടക്കുന്നതിനിടെ യുവാവിന് ബാലൻസ് നഷ്ടപ്പെടുന്നുണ്ടായിരുന്നു.
അടുത്തകാലത്ത് സ്വീകരിച്ച ചികിത്സകളെക്കുറിച്ച് തിരക്കിയപ്പോൾ ഏകദേശം മൂന്നാഴ്ച മുൻപ് bariatric surgery-ക്ക് വിധേയനായതായി യുവാവ് പറഞ്ഞു. അതിനുശേഷം, കർശന ഭക്ഷണ നിയന്ത്രണമുണ്ടായിരുന്നു. ഈ സമയത്ത് നന്നായി ഭക്ഷണം കഴിക്കാനോ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ എടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
രോഗലക്ഷണങ്ങളും അടുത്തിടെ കഴിഞ്ഞ ശസ്ത്രക്രിയയും കണക്കിലെടുത്ത് തലച്ചോറിനെ ബാധിക്കുന്ന പോഷകാഹാരക്കുറവാണെന്ന് സംശയിച്ചു. തുടർന്ന് നടത്തിയ എംആർഐ സ്കാനിൽ നിന്ന് മസ്തിഷ്കത്തിന്റെ periaqueductal region, mammillary bodies എന്നിവിടങ്ങളിൽ മാറ്റങ്ങളുണ്ടായിരുന്നു. ഇത് വെർണിക്സ് എൻസെഫലോപ്പതി (Wernicke’s encephalopathy) എന്ന നാഡീരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
എന്താണ് വെർണിക്സ് എൻസെഫലോപ്പതി
ശരീരത്തിൽ തയാമിൻ (വിറ്റാമിൻ ബി-1)ന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു നാഡീസംബന്ധമായ രോഗമാണിത്. തലച്ചോറിന്റെ ഊർജ്ജം നിലനിർത്തുന്നതിനും മെറ്റബോളിസത്തിനും തയാമിൻ അത്യാവശ്യമാണ്. തയാമിന്റെ കുറവ് ഓർമക്കുറവ്, ഏകോപനം, കണ്ണിന്റെ ചലനങ്ങൾ എന്നിവയെ ഇത് ബാധിക്കാം. ബാരിയാട്രിക് ശസ്ത്രക്രിയക്ക് ശേഷം, മദ്യപാനികളിൽ, എച്ച്ഐവി അണുബാധ, പോഷകക്കുറവ് തുടങ്ങിയ അവസ്ഥകളിൽ വെർണിക്സ് എൻസെഫലോപ്പതി സംഭവിക്കാം.
രോഗാവസ്ഥ തിരിച്ചറിയാതെ പോകുന്നത് തലച്ചോറിന് സ്ഥിരമായ തകരാറുകൾക്കോ മരണം വരെ സംഭവിക്കാനോ ഇടയാക്കും. ഉടനടി രോഗികൾക്ക് തയാമിൻ ചികിത്സ നൽകുക എന്നതാണ് പരിഹാരം. ആരോഗ്യകരമായ ഭക്ഷണക്രമം പരിന്തുടരുക. ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പരിഹരിക്കപ്പെടുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്യുമ്പോൾ ആജീവനാന്തം നിരീക്ഷണം ആവശ്യമാണ്.
വിറ്റാമിൻ സപ്ലിമെന്റുകളും കൃത്യമായി എടുക്കണം.
ശസ്ത്രക്രിയയ്ക്ക് ശേഷം ആശയക്കുഴപ്പം, ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, കാഴ്ചയിൽ മാറ്റമുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടാം.
വിറ്റാമിനുകളുടെ കുറവ് നിസാരമായി കാണരുത്. ചികിത്സിച്ചില്ലെങ്കിൽ ഇത് മസ്തിഷ്കാരോഗ്യത്തെ ബാധിക്കും.
Fat Loss Surgery: Man lost memory and vision after Bariatric surgery to reduce the body fat. Thiamine deficiency wernickes encephalopathy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

