

ആപ്പിളിന് പല വെറൈറ്റികളുണ്ട്. അതില്‍ ചുവപ്പ് നിറത്തിലുള്ള ക്ലാസിക് ആപ്പിളും പച്ച നിറത്തിലുള്ള ഗ്രീന്‍ ആപ്പിളുമാണ് സാധാരണ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഏതാണ്ട് കറുപ്പിനോട് അടുത്ത് ഇരണ്ട നിറത്തിലുള്ള ആപ്പിള്‍ കണ്ടിട്ടുണ്ടോ?
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആകുന്ന ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍ നിസാരക്കാരനല്ല, നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഇവ. പ്രത്യേക കാലാവസ്ഥയിലും അന്തരീക്ഷത്തിലും അതീവ ശ്രദ്ധയോടെ കൃഷി ചെയ്യുന്ന ഒരിനം ആപ്പിളാണിത്.
ഹുവാനിയു ഇനത്തിൽ പെട്ടതാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിൾ. 3,500 മീറ്ററിലധികം ഉയരത്തിലുള്ള ടിബറ്റിലെ നൈഞ്ചി മേഖലയിൽ മാത്രമാണ് ഇതിന്‍റെ കൃഷി നടക്കുന്നത്. ശക്തമായ അൾട്രാവയലറ്റ് രശ്മികളുടെയും കുത്തനെയുള്ള താപനില മാറ്റങ്ങളുടെയും സംയോജനമാണ് ഇവയ്ക്ക് പർപ്പിൾ-കറുത്ത നിറം നല്‍കുന്നത്. നിറം മാത്രമല്ല, അപൂർവതയും, ആഡംബരവും, മധുരവും ആപ്പിളിന്‍റെ സവിശേഷതയാണ്. ആപ്പിളിന്‍റെ ഒരു കഷ്ണത്തിന് 500 മുതല്‍ 700 രൂപ വരെ വില വരും. ലോകത്തിലെ ഏറ്റവും വിലയേറിയ ആപ്പിളുകളിൽ ഒന്നു കൂടിയാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍.
ആന്റിഓക്‌സിഡന്‍റുകള്‍
ആന്തോസയാനിനുകള്‍ എന്ന ആന്‍റിഓക്സിഡന്‍റുകളുടെ സാന്നിധ്യമാണ് ഇവയ്ക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള കോശ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
ദഹനം
ബ്ലാക്ക് ഡയമണ്ട് ആപ്പിളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. വയറു നിറഞ്ഞ തോന്നല്‍ നല്‍കുന്നതിനാല്‍ ശരീരഭാരം ക്രമീകരിക്കാനും സഹായിക്കും. നാരുകൾ അടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുന്നത് ഗട്ട് മൈക്രോബയോം നിലനിർത്താൻ സഹായിക്കും.
രോഗപ്രതിരോധ ശേഷി
വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധകള്‍ക്കെതിരെ പൊരുതാനും സഹായിക്കുന്നു. വിറ്റാമിന്‍ സി ചര്‍മത്തിനും മുടിയഴകിനും മികച്ചതാണ്.
ഹൃദയാരോഗ്യം
ഇതില്‍ അടങ്ങിയ പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ രക്തക്കുഴലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ ഒരു പഠനത്തില്‍, ഫ്ലേവനോയ്ഡുകളും പൊട്ടാസ്യവും അടങ്ങിയ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ആപ്പിൾ ഭക്ഷണത്തിന്റെ പതിവ് ഭാഗമാക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് നല്ലൊരു ഓപ്ഷനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates